കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഒന്നര പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനും തൃണമൂൽ കോൺഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിനും അന്ത്യം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് സുവേന്ദു ബംഗാളിന്റെ അമരക്കാരനായി ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുന്നു എന്നതിലുപരി, ബംഗാളിലെ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിച്ചതിന്റെ വിജയവിളംബരം കൂടിയായി ഈ നിമിഷം മാറി.
തൃണമൂൽ കോൺഗ്രസിന്റെ വിനാശകരമായ രാഷ്ട്രീയ ശൈലിയും വികസന മുരടിപ്പും മടുത്തുപോയ ബംഗാൾ ജനതയ്ക്ക് സുവേന്ദുവിന്റെ വിജയം ഒരു പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്. ഒരുകാലത്ത് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു, തൃണമൂലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടിയാണ് ബിജെപിയിലേക്ക് എത്തിയത്. ഭവാനിപൂരിലും നന്ദിഗ്രാമിലും വിജയക്കൊടി പാറിച്ച അദ്ദേഹം, ജനപിന്തുണയില്ലാത്ത ഭരണകൂടത്തിന് അധികകാലം നിലനിൽപ്പില്ലെന്ന് തെളിയിച്ചു. മമതയുടെ അക്രമ രാഷ്ട്രീയത്തെ തകർത്തെറിഞ്ഞ് ‘സോനാർ ബംഗ്ലാ’ എന്ന സ്വപ്നത്തിലേക്ക് സംസ്ഥാനത്തെ നയിക്കാൻ സുവേന്ദുവിനെക്കാൾ മികച്ചൊരു നേതാവില്ലെന്ന് ബിജെപി നേതൃത്വം അടിവരയിടുന്നു.
ബംഗാളിനെ വികസനത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം സുവേന്ദു അധികാരി വ്യക്തമാക്കി. തൃണമൂൽ ഭരണകാലത്ത് തകർന്നുപോയ ബംഗാളിന്റെ സാമ്പത്തിക-സാമൂഹിക വ്യവസ്ഥിതിയെ പുനർനിർമ്മിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയിലും വികസനത്തിലും കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ ബംഗാളിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. ബിജെപി കൈവരിച്ച ഈ ചരിത്ര വിജയം വരും വർഷങ്ങളിൽ ബംഗാളിനെ ഭാരതത്തിന്റെ വികസന ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

