തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പാഠപുസ്തക അച്ചടി അനിശ്ചിതത്വത്തിൽ. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് (കെബിപിഎസ്) പുസ്തകങ്ങളുടെ പുറംചട്ട തയ്യാറാക്കാൻ ആവശ്യമായ കട്ടിയുള്ള പേപ്പർ ലഭ്യമാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രിക്ക് കീഴിലുള്ള അച്ചടി വകുപ്പാണ് പേപ്പർ വിതരണം ചെയ്യേണ്ടത്.
തിരഞ്ഞെടുപ്പിന് മുൻപ് പത്താം ക്ലാസിലെ പുസ്തകങ്ങൾ മാത്രമാണ് പൂർണ്ണമായി വിതരണം ചെയ്തത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ 70 ശതമാനം അച്ചടിയും പൂർത്തിയായെങ്കിലും ബൈൻഡിംഗ് ജോലികൾ മുടങ്ങിയിരിക്കുകയാണ്. പുറംചട്ടയ്ക്കുള്ള പേപ്പർ ലഭിക്കാത്തതിനാൽ കെബിപിഎസിലെ ബൈൻഡിംഗ് സെക്ഷൻ നിലവിൽ പ്രവർത്തിക്കുന്നില്ല. ബാക്കിയുള്ള 30 ശതമാനം പുസ്തകങ്ങൾക്ക് ആവശ്യമായ മുഴുവൻ പേപ്പറും ലഭ്യമായാൽ മാത്രമേ അച്ചടി പൂർത്തിയാക്കാനാകൂ.
ലോട്ടറി അച്ചടി ഉൾപ്പെടെയുള്ള വകയിൽ കെബിപിഎസിന് സർക്കാർ 300 കോടിയോളം രൂപ കുടിശ്ശിക നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കെബിപിഎസ് നേരിട്ട് ടെൻഡർ വിളിച്ചാണ് പേപ്പർ വാങ്ങിയിരുന്നത്. എന്നാൽ സാമ്പത്തിക ബാധ്യതകളെത്തുടർന്ന് ഇത് അച്ചടി വകുപ്പ് വഴിയാക്കുകയായിരുന്നു. ആവശ്യമായ പേപ്പറിന്റെ അളവ് മുൻകൂട്ടി അറിയിച്ചിട്ടും കൃത്യസമയത്ത് ലഭ്യമാക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ഉടൻ പേപ്പർ എത്തിയാൽ പോലും ജൂൺ ഒന്നിന് മുൻപ് അച്ചടിയും ബൈൻഡിംഗും പൂർത്തിയാക്കി സ്കൂളുകളിൽ പുസ്തകങ്ങൾ എത്തിക്കുക പ്രായോഗികമല്ലെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. ഇതോടെ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

