Thursday, April 25, 2024
spot_img

യോഗയെ ജീവിതചര്യയാക്കി 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പത്മ പുരസ്‌കാരം ഏറ്റുവാങ്ങി സ്വാമി ശിവാനന്ദ

ദില്ലി: ഭാരതത്തിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി 126 വയസ്സുള്ള യോഗാചാര്യൻ സ്വാമി ശിവാനന്ദ. യോഗാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്വാമി ശിവാനന്ദ ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്. നഗ്നപാദനായെത്തിയാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ പുരസ്‌കാരം വാങ്ങാനെത്തിയ ശിവാനന്ദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ശിവാനന്ദ ആദ്യം പ്രണാമം അർപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി കസേരയിൽ നിന്നും എഴുന്നേറ്റ് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു.തുടർന്ന് രാഷ്‌ട്രപതിയേയും അദ്ദേഹം കാലിൽ തൊട്ട് വണങ്ങി. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ജീവിത രീതിയും ചർച്ചയായി.

അതേസമയം ശിവാനന്ദയുടെ ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. 1896ൽ ജനിച്ച ശിവാനന്ദ ബംഗാളിൽ നിന്നാണ് കാശിയിലെത്തുന്നത്. ഗുരു ഓംകാരനന്ദയിൽ നിന്നും വിദ്യാഭ്യാസം നേടി. ആറ് വയസ്സുള്ളപ്പോൾ അമ്മയും അച്ഛനും സഹോദരിയും മരിച്ചു. തുടർന്ന് ബന്ധുക്കളുടെ കൂടെ ജീവിച്ച ശിവാനന്ദ 1925ൽ ലോകം ചുറ്റാനിറങ്ങി. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.പിന്നീട് ലോക രാജ്യങ്ങൾ സന്ദർശിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ത്യ 9-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയായിരുന്നു. ബംഗാളിലെ ശ്രീഹട്ട് ജില്ലക്കാരനാണ് സ്വാമി ശിവാനന്ദ.

എന്നാൽ ഏകദേശം 40 വർഷമായി വാരണാസിയിലെ ഭേൽപൂരിലെ കബീർ നഗർ കോളനിയിലാണ് അദ്ദേഹം താമസിക്കുന്നത്. യോഗയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ശിവാനന്ദ പറയുന്നത്.കൂടാതെ പാൽ, പഴങ്ങൾ മസാല ഭക്ഷണങ്ങൾ എന്നിവയൊന്നും താൻ കഴിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ കുട്ടിക്കാലത്ത് ഒഴിഞ്ഞ വയറിലാണ് ഒരുപാട് ദിവസം ഉറങ്ങിയിരുന്നത്. വൈദ്യുതിയോ കാറുകളോ ടെലിഫോണുകളോ ഇല്ലാത്ത കൊളോണിയൽ കാലത്തെ ഇന്ത്യയിൽ ജനിച്ച ശിവാനന്ദ, താൻ പുതിയ സാങ്കേതികവിദ്യയിൽ ആവേശഭരിതനല്ലെന്നും ഒറ്റയ്‌ക്ക് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നു.

Related Articles

Latest Articles