Thursday, September 24, 2026

സ്വാമി വിവേകാനന്ദൻ മഹാസമാധി ദിനം.; അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭാരതത്തിന്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് ഇന്ന് 124 കൊല്ലം പിന്നിടുന്നു. ഇന്ന് അദ്ദേഹത്തിന്റെ സ്മൃതിദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സംസ്കാരത്തിനും ആത്മീയതയ്ക്കും ദേശീയ അവബോധത്തിനും സ്വാമി വിവേകാനന്ദൻ നൽകിയ അതുല്യമായ സംഭാവനകളെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചത്. വിവേകാനന്ദന്റെ പ്രചോദനാത്മകമായ ചിന്തകൾ യുവാക്കളെ നയിക്കുകയും വികസിത ഇന്ത്യയെക്കുറിച്ചുള്ള ദർശനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു..

“സ്വാമി വിവേകാനന്ദന്റെ നിർവാണ ദിനത്തിൽ ഞാൻ അദ്ദേഹത്തിന് കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു. ഭാരതീയ സംസ്കാരം, ആത്മീയത, ദേശീയ ബോധം എന്നിവയ്ക്ക് ആഗോളതലത്തിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും പ്രചോദനാത്മകമായ ചിന്തകളും ഇന്നും ദശലക്ഷക്കണക്കിന് യുവാക്കൾക്ക് വഴിവിളക്കായി നിലകൊള്ളുന്നു. വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അദ്ദേഹത്തിന്റെ ആത്മീയ സന്ദേശങ്ങൾ രാജ്യത്തിന് പുതിയ ഊർജ്ജവും ദിശാബോധവും നൽകിക്കൊണ്ടേയിരിക്കും.” – മോദി എക്‌സിൽ കുറിച്ചു

ഭാരതത്തിന്റെ ആത്മാവിനെയും ആത്മാഭിമാനത്തെയും ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടിയ യുവ സന്യാസി സ്വാമി വിവേകാനന്ദൻ. 1902 ജൂലൈ 4-നാണ് മഹാസമാധി അടഞ്ഞത്. ഭാരതീയ തത്ത്വചിന്തയെയും വേദാന്തത്തെയും ലോകമെമ്പാടും എത്തിച്ച അദ്ദേഹം, രാമകൃഷ്ണ മിഷൻ സ്ഥാപിച്ചതിലൂടെ സേവനത്തിന്റെയും ആത്മീയതയുടെയും വലിയൊരു സന്ദേശം നൽകി.നരേന്ദ്രനാഥ് ദത്ത എന്ന പൂർവ്വാശ്രമ നാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനായിരുന്നു. 1893-ൽ ചിക്കാഗോയിലെ ലോകമത സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ആഗോളതലത്തിൽ വലിയ അംഗീകാരം നേടിക്കൊടുത്തു. അവിടെ അദ്ദേഹം സാമൂഹിക സേവനത്തിന്റെയും മാനവികതയുടെയും ആദർശങ്ങൾ ഏറ്റവും ഉയർന്ന മൂല്യങ്ങളായി പ്രചരിപ്പിച്ചു. “ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യത്തിലെത്തുന്നതുവരെ നിർത്തരുത്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ഭാരതത്തിലെ യുവതലമുറയ്ക്ക് വലിയൊരു ഊർജ്ജമാണ്.

Related Articles

Latest Articles