Sunday, November 1, 2026

‘അമ്മ ഫണ്ടിൽ ചിലർ സാമ്പത്തിക തിരിമറി നടത്തി!!’പോരാട്ടം പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയ്ക്കുള്ളിലെ പവർ ഗ്രൂപ്പിനെതിരെയാണ് തന്റെ പോരാട്ടമെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കി. ഒരു സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും, എന്നാൽ തന്റെ പോരാട്ടത്തിലൂടെ ഈ ഗ്രൂപ്പിന്റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരുമെന്നും ശ്വേത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തുകയും അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമങ്ങൾ തുടങ്ങിയതായും താരം ആരോപിക്കുന്നു. പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിവിധ പരിപാടികളിലൂടെ സമാഹരിക്കുന്ന പണമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. ആര് തരുന്ന പണമാണെന്ന് നോക്കാതെയാണ് സംഘടന ഫണ്ട് ശേഖരിക്കുന്നത്. തന്നെ എത്ര നിശബ്ദയാക്കാൻ ശ്രമിച്ചാലും ഈ പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ശ്വേത കൂട്ടിച്ചേർത്തു.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും വലിയ രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിമാറിയതോടെ അമ്മ സംഘടനയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഉന്നയിച്ച സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ശ്വേത മേനോൻ ഉടൻ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. അതേസമയം ശ്വേത അമ്മ ഓഫീസിൽ എത്തിയാൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരു വിഭാഗം നടിമാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ, നടൻ ടിനി ടോമിനെതിരായ നടപടിയിൽ നടി അൻസിബ പൊലീസിൽ മൊഴി നൽകിയതോടെ വിഷയം കൂടുതൽ നിയമപരമായ തലങ്ങളിലേക്ക് നീങ്ങുകയാണ്. ടിനി ടോമിനെ ഉടൻ തന്നെ പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

Latest Articles