Sunday, January 11, 2026

താൻ വിദ്യാസമ്പന്നയായ യുവതി; പൊതുതാൽപര്യ ഹർജി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാൻ; മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ ടി വീണയുടെ മറുപടി സത്യവാങ്മൂലം

തിരുവനന്തപുരം: മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി സത്യവാങ്മൂലം. താൻ വിദ്യാസമ്പന്നയാണെന്നും സ്വന്തമായി ആരംഭിച്ച സ്ഥാപനം നടത്തിയത് കമ്പനി നിയമം അനുസരിച്ചുള്ള ഇടപാടുകൾ ആയിരുന്നെന്നും ഹർജി തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണെന്നും മുഖ്യമന്ത്രിയുടെ മകൾ ടി വീണ സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ ആയതിനാൽ രാഷ്ട്രീയ ലക്‌ഷ്യം വച്ച് തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി വീണ കോടതിയെ അറിയിച്ചു.

നേരത്തെ പൊതുതാൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി വീണയ്ക്കും നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രി ഇന്നലെ തന്നെ സത്യവാങ്മൂലം നൽകിയിരുന്നു. രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ നടത്തിയ ഇടപാടുകളാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഇതിൽ പൊതുതാൽപ്പര്യം ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. അഴിമതിയുണ്ടെങ്കിൽ സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഏജൻസികളെയാണ് സമീപിക്കേണ്ടിയിരുന്നത്. എന്നാൽ പരാതിക്കാരൻ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം ആർ അജയൻ എന്ന അഭിഭാഷകനാണ് മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

വിവാദ കരിമണൽ കമ്പനിയായ എം എം ആർ എല്ലിൽ നിന്ന് സേവനങ്ങൾ ഒന്നും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ ഏകാംഗ ഡയറക്ടർ ആയ എക്‌സാ ലോജിക് എന്ന കമ്പനി പലഗഡുക്കളായി വൻതുക കൈപ്പറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ക്രമക്കേടുകൾ പിന്നീട് എസ് എഫ് ഐ ഓ അന്വേഷിച്ചിരുന്നു. വീണയ്‌ക്കെതിരായ റിപ്പോർട്ടാണ് എസ് എഫ് ഐ ഒ നൽകിയതെന്ന് സൂചനയുണ്ട്. കേസിൽ എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് 200 കോടിയോളം രൂപയുടെ അഴിമതി നടന്നു എന്ന് സംശയിക്കുന്ന ഇടപാടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിൽ ഹർജി എത്തിയത്. സത്യവാങ്മൂലങ്ങളിൽ കോടതി ഉടൻ വാദം കേട്ടേക്കും.

Related Articles

Latest Articles