ആറുമാസത്തിലേറെയായി തുടരുന്ന യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനുപിന്നാലെ ലോകം മറ്റൊരു സംഘർഷത്തിന്റെ പടിവാതില്‍ക്കലാണ്. തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രത്തിന്റെ പേരിലാണ് ലോകം യുദ്ധമുനയില്‍ നില്‍ക്കുന്നത്. വന്‍ശക്തികളും വൈരികളുമായ യു.എസും ചൈനയുമാണ് നേര്‍ക്കുനേര്‍ പോര്‍വിളി നടത്തുന്നത്. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് തായ്‌വാന്‍. എന്നാല്‍ ചൈനയുടെ അവകാശവാദം അംഗീകരിക്കാതെ പരമാധികാര രാഷ്ട്രമാണെന്ന വാദമാണ് തായ്‌വാന്‍ ഭരണകൂടം ഉന്നയിക്കുന്നത്. തായ്‌വാനുമേലുള്ള ചൈനയുടെ അവകാശവാദം തള്ളി യു.എസ്. ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തിയതാണ് ഇപ്പോള്‍ ചൈനയെ പ്രകോപിപ്പിച്ചത്

ചൊവ്വാഴ്ച രാത്രിയാണ് പെലോസി തായ്‌വാന്‍ തലസ്ഥാനമായ തായ്‌പെയിലെത്തിയത്. തായ്​പെയിലെ സൊങ്ഷന്‍ എയര്‍പോര്‍ട്ടിലെത്തിയ 82കാരിയായ പെലോസിയെ തായ് വിദേശകാര്യ മന്ത്രി ജോസഫ് വു സ്വീകരിച്ചു. തായ്‌വാന്റെ ജനാധിപത്യത്തിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണയുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് പെലോസി വ്യക്തമാക്കി. പെലോസി ബുധനാഴ്ച തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നുമായി കൂടിക്കാഴ്ച നടത്തി. തായ്‌വാനില്‍ നിലവിലെ സ്ഥിതി തുടരണമെന്നാണ് യു.എസ്. ആഗ്രഹിക്കുന്നതെന്നും സൈനിക നടപടി ഉണ്ടാകരുതെന്നും നാന്‍സി പെലോസി പറഞ്ഞു. നാൻസി പെലൊസി രാജ്യം വിട്ട ഉടൻ തന്നെ ഡസൻ കണക്കിന് ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ് വാന്റെ വ്യോമാതിരിത്തി ലംഘിച്ച് കടന്നു കയറിയത്. ശക്തമായ തിരിച്ചടി ലഭിക്കുമെന്നും ചൈന തായ് വാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 16 റഷ്യനി നിർമ്മിത സു -30 ജെറ്റുകൾ ഉൾപ്പടെ 27 യുദ്ധവിമാനങ്ങളായിരുന്നു തായ് വാൻ അതിർത്തിയിലേക്ക് കടന്നു കയറിയത്.

ചൈനയുമായി ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല എന്നും, എന്നാൽ അതിന് നിർബന്ധിക്കപ്പെട്ടാൽ ഭയന്ന് പിന്മാറില്ലെന്നും തായ് വാൻ സൈനിക നേതൃത്വം വ്യക്തമാക്കി. തായ് വാന്റെ സ്വാതന്ത്ര്യം, പരമാധികാരം, ജനാധിപത്യം എന്നിവയൊന്നും തകർക്കാൻ ആരെയും അനുവദിക്കില്ല എന്നും അവർ വ്യക്തമാക്കി. അതേസമയം, തായ് വാനു ചുറ്റും നടക്കുന്ന ചൈനയുടെ സൈനിക പരിശീലനങ്ങളെ ജി 7രാജ്യങ്ങളുടെ സഖ്യം അപലപിച്ചു. തായ് വാൻ കടലിടുക്കിൽ സൈനിക പ്രകടനം നടത്താൻ ഒരു സന്ദർശനം ഒരിക്കലും ഒരു കാരണമല്ലെന്ന് അവർ പറഞ്ഞു.