Friday, April 26, 2024
spot_img

അട്ടപ്പാടി മധുകൊലക്കേസ്: സ്ഥിരം കൂറുമാറ്റ പരമ്പര തുടരുന്നു; ഇരുപത്തിരണ്ടാം സാക്ഷിയും മൊഴിമാറ്റി; ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. 22-ാമത്തെ സാക്ഷി മുരുകനാണ് ഇന്ന് കൂറുമാറിയത്. ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിന്നു. ഇതൊടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 12 ആയി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ കണ്ടെത്തൽ.

അതേസമയം, ഇരുപത്തിമൂന്നാം സാക്ഷി ഗോകുൽ പൊലീസിന് നല്‍കിയ മൊഴിയിൽ ഉറച്ച് നിന്നു. കേസില്‍ മൊഴിമാറ്റാതിരിക്കുന്ന രണ്ടാമത്തെ ആളാണ് ഗോകുൽ. കേസിന്‍റെ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി ഇന്നലെ പറഞ്ഞിരുന്നു. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി നിർദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന് അകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഈ നിർദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും വിചാരണ കോടതി ഓർമപ്പെടുത്തി.

ഇതിനിടെ, മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മണ്ണാർക്കാട് മുൻസിഫ് കോടതി നിർദേശ പ്രകാരമാണ് നടപടി. മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

Related Articles

Latest Articles