Monday, May 20, 2024
spot_img

അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കരുത്; അഫ്‌ഗാനിൽ സ്ത്രീകളെ വരിഞ്ഞുമുറുക്കി താലിബാൻ

കാബൂൾ: വീണ്ടും വിചിത്ര നിയമങ്ങളുമായി താലിബാൻ. സ്ത്രീകളെ പൂർണ്ണമായി അടിച്ചമർത്തുന്ന ഒരു നിയമം കൂടി രാജ്യത്ത് കൊണ്ടുവന്നിരിക്കുകയാണ് ഭീകരർ. സ്ത്രീകൾക്ക് അത്‌ലറ്റിക് മത്സരങ്ങളിൽ (Taliban Bans Women Sports) പങ്കെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അത്‌ലറ്റിക് താരങ്ങൾ കായിക പരിശീലനം നടത്തരുതെന്നും താലിബാൻ ചട്ടംകെട്ടിയിട്ടുണ്ട്.

അതേസമയം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ സ്ത്രീകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. താലിബാൻ അധികാരത്തിലേറിയത് മുതൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിൽ ഏർപ്പെടാൻ സാധിച്ചിട്ടില്ലെന്ന് പ്രശസ്ത തൈക്കോണ്ടോ താരം താഹിറ സുൽത്താനി പറയുന്നു. പരിശീലനത്തിനായി നിരവധി സ്‌പോർട്‌സ് ക്ലബ്ബുകളിൽ പോയിരുന്നു.

എന്നാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നാണ് ക്ലബ്ബ് നടത്തിപ്പുകാർ പറയുന്നതെന്നും താഹിറ വ്യക്തമാക്കി. കഴിഞ്ഞ ആറ് വർഷങ്ങളായുണ്ടായിരുന്ന ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് ഇപ്പോൾ തകർന്നിരിക്കുന്നതെന്ന് മറ്റൊരു കായിക താരമായ അരിസോ അഹ്മദി പറഞ്ഞു.
അതേസമയം താലിബാന്റെ നടപടിയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് നാഷണൽ ഒളിമ്പിക് കമ്മിറ്റി വക്താവ് പറഞ്ഞു. നടപടി പിൻവലിക്കാൻ താലിബാനോട് ആവശ്യപ്പെടും. നിലവിലെ സർക്കാരിന്റെ നടപടികൾക്കെതിരെ അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾ വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നതെന്നും വക്താവ് വ്യക്തമാക്കി. താലിബാൻ അഫ്ഗാനിൽ അധികാരത്തിലേറിയതിന് പിന്നാലെ സ്ത്രീകളെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തിയിരുന്നു.

Related Articles

Latest Articles