താലിബാൻ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ ഡാനിഷ് സിദ്ദിഖിയുടെ ശരീരത്തിൽ നിന്ന് ഒരു ഡസ്സൻ വെടിയുണ്ടകൾ കണ്ടെത്തിയതായി റിപ്പോർട്ട്. താലിബാന്റെ കസ്റ്റഡിയിലായിരുന്നപ്പോൾ ശരീരം വികൃതമാക്കിയ പാടുകളും, അടയാളങ്ങളും ഇതോടൊപ്പം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുഖവും വികൃതമാക്കിയിരിക്കുകയാണ്. മുഖത്തും നെഞ്ചിലും ടയർ കയറ്റിറക്കിയ പാടുകളുമുണ്ട്.
അതേസമയം പുലിറ്റ്സർ ജേതാവായ പത്രഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മരണം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും അദ്ദേഹത്തെ താലിബാൻ മനപൂർവം കൊല്ലുകയായിരുന്നുവെന്നും നേരത്തെ തന്നെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പത്രക്കാരൻ ആണെന്ന് അറിയാതെയാണ് ഡാനിഷ് ഉൾപ്പെട്ട അഫ്ഗാൻ സേനയ്ക്കെതിരെ വെടിയുതിർത്തതെന്നും ഡാനിഷിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു താലിബാൻ നൽകിയിരുന്ന വിശദീകരണം. അഫ്ഗാൻ സേനയ്ക്കെതിരെ താലിബാൻ വെടിയുതിർത്തപ്പോൾ പരിക്കേറ്റ ഡാനിഷിനെ അടുത്തുള്ള ഒരു മുസ്ലീം പള്ളിയിൽ എത്തിക്കുകയും അവിടെ വച്ച് അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകുമ്പോഴായിരുന്നു അടുത്ത താലിബാൻ ആക്രമണം.
എന്നാൽ അഫ്ഗാൻ സേനയോടൊപ്പം ഇന്ത്യക്കാരനായ പത്രപ്രവർത്തകൻ ഉണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് താലിബാൻ പള്ളി ആക്രമിച്ചതെന്നും ഡാനിഷായിരുന്നു അവരുടെ ലക്ഷ്യമെന്നും അമേരിക്കൻ മാധ്യമമായ വാഷിംഗ്ടൺ എക്സാമിനർ റിപ്പോർട്ട് ചെയ്തിരുന്നു. ഡാനിഷിനെ താലിബാൻ ജീവനോടെ പിടിക്കൂടുകയായിരുന്നുവെന്നും വിവരങ്ങൾ എല്ലാം ചോദിച്ചു മനസിലാക്കിയ ശേഷം മാത്രമാണ് ഡാനിഷിനെയും ഒപ്പമുണ്ടായിരുന്ന അഫ്ഗാൻ സൈനികരെയും വധിച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ കമാൻഡറും മറ്റ് സൈനികരും ഡാനിഷിനെ താലിബാനിൽ നിന്നും രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നും വാഷിംഗ്ടൺ എക്സാമിനറിന്റെ റിപ്പോർട്ടിൽ ഉണ്ട്. ഡാനിഷിന്റെ മൃതശരീരം പരിശോധിച്ച വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ താലിബാന്റെ പിടിയിലായ ഡാനിഷിനെ ഭീകരർ ക്രൂരമായി മർദ്ദിക്കുകയും അതിനു ശേഷം വെടിവച്ചു കൊല്ലുകയും ആയിരുന്നു. ഇത് ശെരി എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്തിയ പാടുകളും, അടയാളങ്ങളും വ്യക്തമാക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

