Thursday, May 16, 2024
spot_img

എന്തിനു ഇന്ത്യയിലേയ്ക്ക് വന്നു? കൊച്ചിയിൽ വ്യാജരേഖ ചമച്ച് ജോലി ചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരന്റെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ വ്യാജ രേഖ ചമച്ച് ജോലിചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരൻ ഈദ് ഗുല്ലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എൻഐഎയും, ഐബി ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. രാജ്യത്തേക്ക് കടന്നതിലെ യഥാർത്ഥ വസ്തുത, വ്യാജ പൗരത്വ രേഖ ചമയ്ക്കൽ, കപ്പൽശാലയിലെ ജോലി എന്നിവയിൽ വിവരശേഖരണം നടത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഐഎൻഎസ് വിക്രാന്തുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയോ എന്നതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക. എന്നാൽ കൂടുതൽ അഫ്ഗാൻ പൗരൻമാർ എത്തിയെന്ന വിവരം സംബന്ധിച്ചും ഏജൻസികൾ അന്വേഷണം നടത്തും.

അതേസമയം കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന ഈദ്ഗുല്ലിന്റെ മൂന്ന് ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിലൊരാളാണ് വ്യക്തിപരമായ പ്രശ്നം മൂലം ഈദ് ഗുല്ലിനെ ഒറ്റിയത്. തുടർന്ന് കൊൽക്കത്തയിലേക്ക് കടന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജൂൺ 28നാണ് കപ്പൽശാല അധികൃതർ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. അപ്പോഴേക്കും ഇയാൾ ഇവിടെനിന്നും മുങ്ങിയിരുന്നു. എറണാകുളം അസി. കമ്മിഷണ‌റുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാൾ കൊൽക്കത്തയിലുണ്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചു. പിന്നീട് കോടതി 14 ദിവസത്തേക്ക് ഈദ് ഗുല്ലിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

ഈദ്ഗുലിന്റെ പിതാവ് ഭറാത്ത് ഖാൻ അഫ്ഗാൻ പൗരനും അമ്മ ദലീറോ ബീഗം അസാം സ്വദേശിയുമാണ്. ഈദ്ഗുൽ ജനിച്ചതും പഠിച്ചതും അഫ്ഗാനിലാണ്. 2018ൽ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്. ഇവിടെ വിവിധ ജോലികൾ നോക്കി കഴിയവെയാണ് അമ്മയുടെ സഹോദരന്മാർക്കൊപ്പം കൊച്ചിയിൽ എത്തുന്നത്.

അമ്മയുടെ സഹോദരന്മാരിൽ ചിലർ ഏറെക്കാലമായി കപ്പൽശാലയിൽ കരാർ തൊഴിലാളികളാണ്. അവർ വഴിയാണ് വെൽഡിംഗ് ഉൾപ്പെടെ പണികൾക്കായി ജോലിക്ക് കയറിയത്. അതിനുവേണ്ടിയാണ് അമ്മയുടെ നാടായ അസാമിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കിയത്. വ്യാജരേഖ ചമച്ചതിനും പാസ്പോ‌ർട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഈദ്ഗുലിന്റെ മാതാവിന് ഒമ്പത് സഹോദരങ്ങളുണ്ട്. ഇവരിൽ കപ്പൽശാലയിൽ ജോലി ചെയ്യുന്നവർക്കൊപ്പം ഈദ്ഗുൽ 2019 നവംബറിലാണ് കൊച്ചിയിൽ എത്തിയത്. തേവരയിലെ വാടക വീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ ജൂൺ 26ന് ഈദ്ഗുലും അമ്മയുടെ സഹോദരന്മാരും തമ്മിൽ തെറ്റി. പിന്നാലെ അവർ ഈദ്ഗുല്ലിന്റെ രഹസ്യം സുരക്ഷാ ജീവനക്കാരോട് വെളിപ്പെടുത്തി. ഈദ്ഗുൽ സബ് കോൺട്രാക്ടർ വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഇയാളുടെ യഥാർത്ഥ പേരും വിളിപ്പേരും തമ്മിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാൻ പൗരനാണെന്ന് കണ്ടെത്തിയതെന്നുമായിരുന്നു കൊച്ചിൻ കപ്പൽശാലയുടെ വിശദീകരണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles