Friday, December 12, 2025

അഫ്‌ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെ വീണ്ടും പുതിയ നിയന്ത്രണങ്ങളുമായി താലിബാൻ; പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കണം,​ ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങരുത്: ഉത്തരവ് പുറത്തിറക്കിയത് താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്‍സാദ

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ വീണ്ടും പുതിയ ഉത്തരവുമായി താലിബാന്‍,​ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കണമെന്നും മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത് എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്‍സാദയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിനെതിരെയോ പിതാവിനെതിരെയോ ബന്ധുവിനെതിരെയോ നടപടി എടുക്കുമെന്ന് ഭരണകൂടം അറിയിച്ചു. 1996 മുതല്‍ 2001 വരെ താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ ഉപയോഗിക്കുന്നതാകും അഭികാമ്യമെന്നും താലിബാന്‍ അറിയിച്ചു.

താലിബാന്‍ അധികാരത്തിലെത്തിയതോടെ രാജ്യത്ത് പൊതുവെ സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതെയാണ് നടന്നത്. ഇതാണ് പുതിയ ഉത്തരവിന് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് താലിബാന്‍ പുറപ്പെടുവിച്ചിരുന്നു.

Related Articles

Latest Articles