Tuesday, May 14, 2024
spot_img

ഹിജാബ് വിവാദം; 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം; താലിബാന്‍ സൈനികര്‍ക്കു മുന്നിൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യ ബാനറുകളുമായി ഇരച്ചു കയറി മുപ്പതോളം വനിതകള്‍

ഇറാൻ: ഹിജാബ് വിവാദത്തിൽ 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം. ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരച്ചു കയറിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് അവ ഡിലിറ്റ് ചെയ്യാന്‍ താലിബാന്‍കാര്‍ നിര്‍ബന്ധം പിടിച്ചതായും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

മഹ്‌സ അമീനി എന്ന 22 വയസുകാരി മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരിച്ച സംഭവമാണ് ഇറാനില്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ഹിജാബ് ധരിച്ചില്ല എന്നു പറഞ്ഞ് മതപൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമര്‍ത്താനായി ഇറാന്‍ പൊലീസും സൈന്യവും തെരുവില്‍ ഇറങ്ങിയതോടെ ദിവസങ്ങള്‍ നീണ്ടു നിന്ന സംഘര്‍ഷമാണുണ്ടായത്.

Related Articles

Latest Articles