Thursday, May 16, 2024
spot_img

അഫ്ഗാനിൽ മാധ്യമപ്രവർത്തകരെ കാണ്മാനില്ല!!! മാദ്ധ്യമപ്രവർത്തകരുടെ എണ്ണം 5000ൽ നിന്ന് 2000ലേക്ക് കുറഞ്ഞതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിൽ മാധ്യമപ്രവർത്തകരെ (Medias In Afghanistan) കാണ്മാനില്ലെന്ന് റിപ്പോർട്ട്. താലിബാൻ അധികാരത്തിലെത്തിയ ശേഷം കൊടിയ പീഡനങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അഫ്ഗാനിലെ വാർത്തകളൊന്നും പുറംലോകം അറിയാതിരിക്കാനായി കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തെ മാധ്യമങ്ങൾക്ക് താലിബാൻ ഏർപ്പെടുത്തിയതായാണ് വിവരം. കണക്കുകൾ പ്രകാരം താലിബാൻ അഫ്ഗാൻ പിടിക്കും മുന്നേ മാധ്യമ രംഗത്ത് 4090 പുരുഷന്മാരും 979 സ്ത്രീകളും സജീവമായി പ്രവർത്തിച്ചിരുന്നു. ആറു മാസം കൊണ്ട് 2091 പുരുഷന്മാരായും 243 സ്ത്രീകളായും മാധ്യമ പ്രവർത്തകരുടെ എണ്ണം നേർപകുതിയായിരിക്കുകയാണ്.

തങ്ങൾക്ക് എതിരായി നിന്ന മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ചു വധിക്കുന്നത് തുടരുന്ന താലിബാൻ പ്രമുഖ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കൂച്ചുവിലങ്ങിടുകയാണ്. സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് എല്ലാ മാധ്യമപ്രവർത്തകർക്കും പിന്നാലെയുള്ളത്. അഫ്ഗാനിലെ മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്(സിപിജെ) എന്ന സംഘടനയാണ് വാർത്ത പുറത്തു വിട്ടത്.

ആഗോള മനുഷ്യാവകാശ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്. താലിബാൻ ആഭ്യന്തരമായി നടത്തുന്ന ആക്രമണങ്ങളും ഭീകരതയും കൂട്ടക്കൊലയും ഭരണരംഗത്തെ അഴിമതിയും പുറത്തുവരുന്നില്ല. ഏതെങ്കിലും വാർത്തകൾ പുറത്തുവന്നാൽ അത്തരം മാധ്യമസ്ഥാപനങ്ങൾ ഒന്നാകെ തകർക്കുകയും മാദ്ധ്യമപ്രവർത്തകരെ കുടുംബത്തോടെ ഇല്ലാതാക്കലുമാണ് രീതി. 2021 സെപ്തംബർ 19ന് 11 പുതിയ മാധ്യമ നിയമങ്ങളാണ് താലിബാൻ പുറത്തിറക്കിയത്. ഇതുസംബന്ധിച്ച് താലിബാന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസാണ് മുന്നറിയിപ്പ് നൽകിയത്. ഭരണകൂടത്തിനെതിരായ ഒരു വാർത്തപോലും നൽകരുതെന്നായിരുന്നു അന്ത്യശാസനം.

Related Articles

Latest Articles