Monday, December 29, 2025

മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടു. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കാണ്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം.

ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ലെന്നാണ് പരാതി. എന്നാൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്നലെത്തന്നെ വിവരം കൈമാറിയെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. സെക്കന്‍റില്‍ ആറായിരം ക്യൂസെക്സ് വെള്ളം തുറന്നുവിടുമെന്ന് ഇന്നലെ തന്നെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്.

അതേസമയം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി ഡാമിന്‍റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റർ ഉയർത്തി സെക്കന്‍റില്‍ 40000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറില്‍ പുഴ മുറിച്ച് കടക്കുന്നതും മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ്, അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടര്‍ തുറന്നത്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി. സെക്കന്റിൽ 1544 ഘനയടി വെള്ളമാണ് ഇപ്പോൾ തുറന്നു വിട്ടുന്നത്.

Related Articles

Latest Articles