Sunday, September 20, 2026

അധ്യാപക നിയമന അഴിമതിക്കേസ്; അര്‍പ്പിത മുഖര്‍ജിയെ ഒരു ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു;തിങ്കളാഴ്ച പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും

അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ അര്‍പ്പിത മുഖര്‍ജിയെ ഒരു ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത സഹായിയാണ് അര്‍പ്പിത. ശനിയാഴ്ച ഇവരുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ നിന്ന് 21 കോടി രൂപ കണ്ടെടുത്തതിരുന്നു. പിന്നാലെയായിരുന്നു ഇരുവരുടെയും അറസ്റ്റ്. അര്‍പ്പിതയെ തിങ്കളാഴ്ച പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും.

സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 24 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. മന്ത്രിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസം ഇഡി കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നു.

പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സര്‍ക്കാര്‍ അധീനതയിലുള്ള എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചാറ്റര്‍ജിയെ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് ആവശ്യം

Related Articles

Latest Articles