മലപ്പുറം : കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. പ്രിയപ്പെട്ടവർക്ക് വിട നൽകാൻ വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് സ്കൂൾ വളപ്പിലേക്ക് ഒഴുകിയെത്തിയത്. പുലർച്ചെ നാല് മണിയോടെ പോസ്റ്റുമാർട്ടം പൂർത്തിയാക്കി, പൊള്ളാച്ചിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് പെരിന്തൽമണ്ണയിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ട് പോയി.
അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20 ന് വാൽപ്പാറ ചുരം റോഡിൽ പതിമൂന്നാം ഹെയർപിൻ വളവിൽനിന്ന് 300 അടി താഴ്ചയിൽ ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.
പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അദ്ധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്.

