ഇന്ത്യയെ മാതൃകയാക്കി അമേരിക്കയും ടിക് ടോക്ക് നിരോധനത്തിലേക്ക്; ഞായറാഴ്ച മുതൽ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കും

0

വാഷിംഗ്ടണ്‍: ഇന്ത്യയുടെ വഴിയേ ചൈനീസ് ആപ്പുകളായ ടിക് ടോക്കും വി ചാറ്റും നിരോധിക്കാനൊരുങ്ങി അമേരിക്ക. ഞായറാഴ്ചയ്ക്കകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കമ്പനി അധികൃതര്‍ നടത്തുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ആപ്പുകള്‍ നിരോധിക്കും. ഞായറാഴ്ച മുതൽ ടിക് ടോക്ക്, വീ ചാറ്റ് അടക്കമുള്ള ആപ്പുകള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് അധികൃതർ നിർദേശം നൽകിക്കഴിഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ യുഎസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. നിരോധന തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനിയായ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോൾ പുരോഗമിക്കവെയാണ് നിരോധന വാർത്ത പുറത്തുവന്നത്. ടിക് ടോക് ഗ്ലോബല്‍ എന്ന പുതിയ കമ്പനി രൂപീകരിക്കാനാണ് പുതിയ നീക്കം. നേരത്തെ ടിക് ടോക് നിലനില്‍ക്കണമെങ്കില്‍ അമേരിക്കന്‍ കമ്പനി ഏറ്റെടുക്കണമെന്ന് ഉടമകളായ ബൈറ്റ്ഡാന്‍സിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു.