Saturday, May 4, 2024
spot_img

ഒൻപതാം വയസ്സിൽ കാർഗിൽ ഇരകൾക്കുവേണ്ടി പെയിന്‍റിങ് വിറ്റു, ഇപ്പോൾ പാർലമെന്‍റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാകുന്നു

ബെംഗളൂരു : 20 വർഷം മുൻപ് ബെൽഗാം സെന്റ് പോൾസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി തേജസ്വി സൂര്യനാരായൺ താൻ വരച്ച ചിത്രങ്ങൾ സ്‌കൂളിലും വഴിയോരത്തും വിൽപനക്കുവച്ചു. കാർഗിൽ ദുരിതബാധിതരെ സഹായിക്കാൻ പണം കണ്ടെത്തലായിരുന്നു ആ ഒൻപത് വയസുകാരന്റെ ലക്ഷ്യം. അന്ന് ചിത്രങ്ങൾ വിറ്റുകിട്ടിയ 1220 രൂപ ആ കൊച്ചുമിടുക്കൻ പട്ടാളത്തിന് കൈമാറാൻ വേണ്ടി തന്റെ സ്‌കൂൾ പ്രിന്സിപ്പാലിനെ ഏൽപ്പിച്ചു.

തേജസ്വി സൂര്യനാരായൺ എന്ന പേരുപോലെ തേജസ്സ് പ്രസരിപ്പിക്കുന്ന ഈ വിദ്യാർത്ഥിയാണ് ഇപ്പോൾ 17 ആം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകാൻ ഒരുങ്ങുന്നത്. ബെംഗലുരു സൗത്ത് എന്ന വിഐപി മണ്ഡലത്തില്നിന്ന് കന്നിയങ്കത്തിൽ തന്നെ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് തേജസ്വി സൂര്യ ഇന്ത്യൻ പാർലമെന്റിൽ ഉദിച്ചുയരാൻ പോകുന്നത്.

അന്നത്തെ മിടുക്കനായ കൊച്ചു ചിത്രകാരൻ ഇന്ന് ബംഗളുരുവിലെ ഏറ്റവും ജനകീയനായ നേതാവാണ്, ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനുമാണ്. ഒപ്പം ഭാരതീയ ജനതാ യുവമോർച്ചയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറികൂടിയാണ് തേജസ്വി.

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തേജസ്വി നിർണായക പങ്ക് വഹിച്ചിരുന്നു. അന്ന് നൂറിലധികം പരിപാടികളുടെ സംഘാടനം തേജസ്വി ഒറ്റക്കാണ് ഏറ്റെടുത്ത് നടത്തിയത്.2018ൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനായി ഡിജിറ്റൽ കമ്യൂണിക്കേഷൻ രൂപികരിച്ചതോടെയാണ് തേജസ്വി ദേശീയ തലത്തിൽ പ്രശസ്തിയാർജിച്ചത്.

ആർഎസ്സിന്റെ പാരമ്പര്യവും പിന്തുണയുമായി അടിയുറച്ച നിലപാടുകളും അളവറ്റ ഇച്ഛാശക്തിയും പിന്തുടരുന്ന വ്യക്തിത്വമാണ് തേജസ്വിയുടേത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തേജസ്വിയെപ്പോലെ കരുത്തുറ്റ നേതാക്കൾ സൂര്യശോഭയോടെ ഉദിച്ചുയരുമ്പോൾ ഇന്ത്യയുടെ ഭാവി സുശോഭനമാകുമെന്ന് തീർച്ച.

Related Articles

Latest Articles