Wednesday, May 1, 2024
spot_img

ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ തീപിടുത്തം; ചുറ്റമ്പലത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു

കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിലെ വന്‍ തീപിടുത്തത്തില്‍ ചുറ്റമ്പലത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കെടാവിളക്കില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് മുളങ്കാടകം ദേവീ ക്ഷേത്രം. അതേസമയം ദേശീയ പാതയിലെ യാത്രക്കാരാണ് ക്ഷേത്രത്തിന് തീ പിടിച്ചത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പെട്രോളിങ് നടത്തുന്ന പൊലീസുകാരെ ഇത് അറിയിക്കുകയായിരുന്നു.

ദേവിയുടെ വാഹനമായ വേതാളിയെ കുടിയിരുത്തിയിരിയ്ക്കുന്ന ക്ഷേത്രത്തിന്റെ മുന്‍ വശത്തെ മുകള്‍ ഭാഗത്താണ് ആദ്യം തീ പടര്‍ന്നുപിടിച്ചത്. ചുറ്റമ്പലത്തിന്റെ മുമ്പിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണ് തീ പടര്‍ന്നതാകാം എന്നാണ് കരുതുന്നത്. ക്ഷേത്രം, ചുറ്റമ്പലം എന്നിവയുടെ ഭൂരിഭാഗവും പാരമ്പര്യ തനിമയില്‍ തടിയിലാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തീ അതിവേഗം തടിയിലേക്ക് പടരുകയായിരുന്നു. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി ഒരു മണിക്കൂറിലെറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles