തിരുവനന്തപുരം: സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയില്‍ നടന്‍ മുകേഷ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാനായ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മേധാവി ഷാജി എന്‍. കരുണ്‍. സമഗ്ര സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന മുകേഷിനെ പത്തംഗസമിതിയില്‍ ഉൾപ്പെടുത്തിയതിൽ വലിയ വിമർശനമുയർന്നിരുന്നു.
പിന്നാലെയാണ് ഷാജി എന്‍. കരുണിന്റെ പ്രതികരണം.
ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്നതാണ് കോണ്‍ക്ലേവ് എന്നാരോപിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവും (ഡബ്ല്യൂ.സി.സി.) പ്രതിപക്ഷവും കോണ്‍ക്ലേവില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നറിയിച്ചിരുന്നു. പക്ഷേ, നടിമാര്‍ ബഹിഷ്‌കരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ പറഞ്ഞു. കോണ്‍ക്ലേവില്‍ രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള വിദഗ്ധര്‍ സംബന്ധിക്കും. അത് നമ്മുടെ നാട്ടിലെ സിനിമാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്നും ഷാജി എന്‍. കരുണ്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് സമിതി രൂപവത്കരിച്ചത്. സമിതിയില്‍ സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി കണ്‍വീനറും മുകേഷ്, മഞ്ജുവാര്യര്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമാണ്. രണ്ടുമാസത്തിനകം നയത്തിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടില്ല.

