ഉദ്ധവ് താക്കറെയ്ക്ക് തീപ്പന്തം ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ . പാർട്ടിയുടെ പേര് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്നായിരിക്കും, അതേസമയം ഏകനാഥ് ഷിൻഡെയ്ക്ക് ബാലാസാഹേബാൻജി എന്ന പേരും അനുവദിച്ചു.
ഹിന്ദിയിൽ ബാലാസാഹേബാൻജി ശിവസേന എന്നാൽ ബാലാസാഹേബ് കി ശിവസേന എന്നാണ് അർത്ഥം. ഏകനാഥ് ഷിൻഡേയുടെ പാർട്ടിയോട് മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.
ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം. തിങ്കളാഴ്ച്ച മൂന്ന് താൽക്കാലിക ചിഹ്നങ്ങൾക്കായി അപേക്ഷ നൽകാൻ കമ്മീഷൻ ഇരുകൂട്ടരോടും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഉദ്ധവ് പക്ഷം ചിഹ്നങ്ങൾ ആവശ്യപ്പെട്ടത്.

