Monday, April 29, 2024
spot_img

തങ്ക അങ്കി ഇന്ന് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക്; പേടകം ചുമക്കുന്ന എട്ടംഗ സംഘത്തെ പ്രഖ്യാപിച്ചു; ഇന്ന് മഹാ ദീപാരാധന; നാളെ മണ്ഡലപൂജ

ശബരിമല:മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി പേടകം അയ്യപ്പ സേവാസംഘത്തിന്റെ 8 അംഗ സംഘമാണ് പമ്പയിൽ നിന്നു സന്നിധാനത്തേക്കു ചുമക്കുക. സംഘം ദേശീയ ജനറൽ സെക്രട്ടറിയുടെ ശുപാർശ പ്രകാരം ഇവരെ നിശ്ചയിച്ച് ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കി. ഹരിദാസൻ നായർ (പത്തനംതിട്ട), രമേശ്(പാലക്കാട്), ഗിരിശങ്കർ (തിരുവനന്തപുരം), മാധവൻ കുട്ടി (നെന്മാറ), രാമയ്യ (ഡെന്റികൽ, തമിഴ്നാട്), സെന്തിൽ കുമാർ (വിളിപ്പുറം , തമിഴ്നാട്), കനകരാജ (തൂത്തുക്കുടി, തമിഴ്നാട്), ശിവദാസ് (പാലക്കാട്) എന്നിവരാണ് സംഘത്തിലുള്ളത്, തുടർച്ചയായി 47ാം വർഷവും അയ്യപ്പ സ്വാമിയുടെ തങ്ക അങ്കി ചുമക്കാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഓമല്ലൂർ തോട്ടത്തിൽ ടി.പി.ഹരിദാസൻ നായർ(98).

ഇന്ന് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തങ്കഅങ്കി ചുമക്കുന്ന അയ്യപ്പ സേവാ സംഘത്തിന്റെ എട്ട് അംഗ സംഘത്തെ നയിക്കുന്ന പെരിയ സ്വാമിയാണു ഹരിദാസൻ നായർ. 47 വർഷം ഇതിനുള്ള അവസരം ലഭിച്ച മറ്റൊരാളും ഇല്ല. ഭക്തജന സേവനം അയ്യപ്പ പൂജയാക്കി മാറ്റിയ അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസി‍ഡന്റും ദേശീയ സമിതി അംഗവുമാണ് അദ്ദേഹം.അഗ്നി രക്ഷാ സേനയിൽ ഫയർമാനായി ജോലി നോക്കുമ്പോൾ 1975ൽ തങ്ക അങ്കി ഘോഷയാത്രയ്ക്ക് അകമ്പടി ഡ്യൂട്ടിക്ക് നിയോഗിച്ചു. അന്ന് പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തങ്ക അങ്കി ചുമക്കാൻ അവസരം കിട്ടി.

പിന്നീ‍ട് എല്ലാ വർഷവും മുടങ്ങാതെ അതിനുള്ള ഭാഗ്യം കിട്ടി. അഗ്നിരക്ഷാ സേനയിൽ നിന്നു വിരമിച്ച ശേഷം അയ്യപ്പ സേവാസംഘത്തിന്റെ സജീവ പ്രവർത്തകനായി മാറി. അങ്ങനെ സംസ്ഥാന വൈസ് പ്രസിഡന്റായി. തീർഥാടന കാലത്ത് പത്തനംതിട്ട കെഎസ്ആർടിസി ഹബ്ബിൽ അയ്യപ്പ സേവാസംഘം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ക്യാംപ് ഓഫിസറാണ്. ബസിൽ എത്തുന്ന തീർഥാടകർക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം നടത്തുന്ന തിരക്കിലാണ് അദ്ദേഹം. സംഘത്തിന്റെ അപ്പാച്ചിമേട് ക്യാംപിന്റെ പൂർണ ചുമതല വഹിക്കുന്ന സെന്തിൽ കുമാർ (വിളിപ്പുറം) 11 വർഷമായി തങ്ക അങ്കി ചുമക്കുന്ന സംഘത്തിലുണ്ട്.

പാലക്കാട് കേരളശ്ശേരി കരിയക്കുന്നത്ത് രമേശ് പാലക്കാടിന് ഇത് 10ാം തവണയാണ് തങ്ക അങ്കി ചുമക്കാൻ ഭാഗ്യം കിട്ടിയത്. അയ്യപ്പ സേവാസംഘം പാലക്കാട് യൂണിയൻ പ്രതിനിധിയാണ്. ടാക്സി ഡ്രൈവറാണ്. മണ്ഡലകാലം തുടങ്ങിയാൽ ജോലി ഉപേക്ഷിച്ച് ഭക്തജന സേവനത്തിനായി പമ്പയിൽ എത്തും. 15 വർഷമായി സൗജന്യ സേവനത്തിലാണു അദ്ദേഹം. തിരുവനന്തപുരം വേലൂർ മുരിക്കുംപുഴ മേലേവിള വീട്ടിൽ ഗിരിശങ്കർ ഇത് 5 വർഷമാണ് തങ്ക അങ്കി ചുമക്കുന്നത്. പമ്പയിൽ അയ്യപ്പ സേവാസംഘം ആംബുലൻസ് ഡ്രൈവറാണ്.

Related Articles

Latest Articles