പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും(Thanka Anki Procession) വഹിച്ചുകൊണ്ടുളള രഥഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്. പുലർച്ചെ നാല് മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിന് അവസരം ഒരുക്കിയിരുന്നു.
73 കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയാക്കി ശനിയാഴ്ച വൈകിട്ട് തങ്ക അങ്കി സന്നിധാനത്തെത്തും. അന്ന് വൈകിട്ട് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന നടക്കുക. എന്നാൽ ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. കോവിഡ് ഇളവുകൾ വന്നതോടെ സാധാരണ തീർത്ഥാടനകാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര.
പതിവ് പോലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണമുണ്ടാവും. തങ്ക അങ്കിയെ അനുഗമിക്കാനും ഭക്തർക്ക് അനുമതിയുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടയ്ക്കും. 30 ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. അതേസമയം ശബരിമലയിൽ ദിനംപ്രതി ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം രാവിലെ വരെ 8,11,235 തീർഥാടകർ ദർശനം നടത്തി. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തർ എത്തിയത്. 42,870 പേർ. വെർച്വൽ ക്യൂവിൽ അനുവദിച്ച സമയത്ത് തീർഥാടകർ എത്തുന്നതിനാൽ ദർശനത്തിന് വലിയ തിക്കും തിരക്കും ഇല്ല.

