ഇന്ന് വിജയദശമി (Vijayadashami). സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിജയ ദശമി ദിവസമാണ് കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത് എന്നാണ് ഇതറിയപ്പെടുന്നത്. വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവർ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കുന്നു. അതിനുശേഷം സ്വർണമോതിരം കൊണ്ട് നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു.

അത്യധികം ശുഭകരമായ ദിനമായതിനാൽ വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂർത്തം ആവശ്യമില്ല. വിദ്യാരംഭത്തിനു മുമ്പ് വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. കേരളത്തിലെ വിജയ ദശമി ദസറ ഉത്സവമായാണ് ഉത്തരേന്ത്യയിൽ ആഘോഷിക്കുന്നത്.
നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി, ദസറ എന്നിവ ആഘോഷിക്കുന്നത്. ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ കൊന്നതും, മഹിഷാസുരനെ ദുര്‍ഗാദേവി വധിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ ഈ ദിവസത്തിന് ഐതിഹ്യമുണ്ട്. അതായത് തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയാണ് ഈ ദിനത്തിലൂടെ സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പദ്മനാഭ സ്വാമി ക്ഷേത്രത്തിലും, ആറ്റുകാല്‍ ക്ഷേത്രത്തിലും അതിരാവിലെ മുതൽ വലിയ തിരക്കാണ്. കോട്ടയത്തെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും നല്ല തിരക്കുണ്ട്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലും വിദ്യാരംഭത്തിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. രാവിലെ മുതൽ വന്‍ ഭക്തജനപ്രവാഹമാണ് ഈ ക്ഷേത്രങ്ങളിലെല്ലാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടക്കുന്നത്.
കര്‍ണാടകത്തില്‍ ഭക്തര്‍ ദസറ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ഈ ദിനം സരസ്വതീദേവിയുമായി ബന്ധപ്പെട്ടതാണ്. അതായത് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനമാണ് വിജയദശമി. ദശരാത്രികളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ഈ ദിനത്തിന് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഐതിഹ്യങ്ങളാണ് ഇന്നത്തെ ദിവസവുമായി ഉള്ളത്. ദസറ കഴിഞ്ഞ് അതായത് രാവണനെ വധിച്ച ശേഷം ഏതാണ്ട് 20 ദിവസങ്ങള്‍ കഴിഞ്ഞാണ് ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയത്. ഈ ദിവസമാണ് ദീപാവലി. ശരിക്കും പറഞ്ഞാൽ ദീപാവലിയുടെ മുന്നോടിയായിട്ടാണ് ആളുകള്‍ ദസറ ആഘോഷിക്കുന്നത്.

