Saturday, April 27, 2024
spot_img

‘അയ്യപ്പഭക്തർക്ക് നെയ്യഭിഷേകം ചെയ്യാൻ അവസരം വേണം; കാനനപാത തുറക്കണം’ സർക്കാരിനോട് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്

ശബരിമല:തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യങ്ങൾ ഉന്നയിച്ച് ദേവസ്വം ബോർഡ്.

തീർഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള അവസരം ലഭിക്കണമെന്നും കരിമല വഴിയുള്ള കാനനപാത തുറക്കണമെന്നും ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടതായി ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗം മനോജ് കുമാർ ചരളേൽ എന്നിവർ പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങൾ തീർഥാടനത്തിന്റെ ഭാഗമാണ്. ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണംമെന്നും ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്യാൻ കഴിയണം എന്ന പ്രാർഥനയോടെയാണ് ഭക്തർ എത്തുന്നത്. ഇപ്പോൾ നേരിട്ട് അഭിഷേകം ഇല്ല. അയ്യപ്പന്മാരുടെ നെയ്യ് വാങ്ങി പകരം ആടിയ ശിഷ്ടം നെയ്യ് നൽകുന്ന രീതിയാണ്. അതുകൊണ്ട് പഴയ രീതി പുനഃരാരംഭിക്കണമെന്നും ദേവസ്വം ബോർഡ് പറഞ്ഞു.

എരുമേലിയിൽ പേട്ട തുള്ളുന്ന തീർഥാടകർ കാളകെട്ടി, അഴുത, കരിമല വഴിയുള്ള കാനന പാതയിലൂടെ ദർശനത്തിന് എത്തുന്നത് ആചാരത്തിന്റെ ഭാഗമാണ്. രണ്ട് വർഷമായി കോവിഡ് നിയന്ത്രണങ്ങൾ കാരണം പാത അടച്ചിട്ടിരിക്കുകയാണ്. അത് തെളിക്കണം. തീർഥാടകർക്ക് ആവശ്യമായ വെള്ളം, ലഘുഭക്ഷണം, ചികിത്സാ സൗകര്യം എന്നിവ ഒരുക്കിയ ശേഷമേ പാത തുറക്കാൻ കഴിയൂ. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് എന്നും പുല്ലുമേട് പാതയും തുറക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

അതേസമയം മുൻപ് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്. പമ്പാ സ്നാനം, നീലിമല പാതയിലൂടെയുള്ള യാത്ര, സന്നിധാനത്ത് മുറികളിൽ വിശ്രമിക്കാനുള്ള സൗകര്യം എന്നിവ പുനഃരാരംഭിച്ചു. അതിനു ശേഷം കൂടുതൽ തീർഥാടകർ എത്തുന്നുണ്ട്. മണ്ഡലകാലം തുടങ്ങിയിട്ട് 32 ദിവസം കഴിഞ്ഞു. 7 ലക്ഷം തീർഥാടകർ ദർശനം നടത്തി. ഇതിൽ ആർക്കും കോവിഡ് ബാധിച്ചതായി റിപ്പോർട്ടില്ല. അതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അത്യാവശ്യമാണ്- ഇരുവരും വ്യക്തമാക്കി.

Related Articles

Latest Articles