അങ്കമാലി :തൃശ്ശൂർ കോടാലിയിൽ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അനോഷ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് വീട്ടിലേക്ക് മടങ്ങിയത്. സഹോദരൻ ആൽജോ പാമ്പുകടിയേറ്റ് മരണപ്പെട്ടതിന്റെ ആഘാതത്തിനിടയിലും അനോഷിനെ ജീവിതത്തിലേക്ക് തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് അനോഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആശുപത്രിയിൽ നിന്നും തനിക്ക് സമ്മാനമായി ലഭിച്ച ഫുട്ബോളിനെക്കുറിച്ച് ഏറെ സന്തോഷത്തോടെയാണ് താരം സംസാരിച്ചത്.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ ശൈലേഷിനോടും സുഹൃത്തുക്കളോടും അനോഷിന്റെ പിതാവ് സിൽജോ പ്രത്യേക നന്ദി രേഖപ്പെടുത്തി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും വലിയ കരുതലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് കുടുംബം പറഞ്ഞു. സ്വന്തം മക്കളെപ്പോലെയാണ് ആശുപത്രി ജീവനക്കാർ അനോഷിനെ പരിചരിച്ചത്. ആശുപത്രിയിലെ സിസ്റ്റർമാർ അനോഷിന് വീട്ടിൽ നിന്ന് പാൽ കൊണ്ടുകൊടുക്കുകയും അവന്റെ ഇഷ്ട വിനോദമായ ഫുട്ബോൾ കളിക്കാൻ പന്ത് സമ്മാനമായി നൽകുകയും ചെയ്തു. ചികിത്സാ സഹായങ്ങൾ നൽകിയ സർക്കാരിനോടും മറ്റ് വ്യക്തികളോടും കുടുംബം കടപ്പാട് അറിയിച്ചു.
അതേസമയം, തങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് മകൻ മരിച്ചതെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന തെറ്റായ പ്രചരണങ്ങൾ തങ്ങളെ മാനസികമായി ഏറെ വിഷമിപ്പിക്കുന്നുണ്ടെന്ന് പിതാവ് സിൽജോ പറഞ്ഞു. തലയണക്കവറിനുള്ളിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയതെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അനോഷ് പൂർണ്ണാരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നും ആഹാരം കഴിക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിൽ 19-നാണ് തൃശ്ശൂർ കോടാലി കടമ്പോട്ടുള്ള വീട്ടിൽ വെച്ച് അനോഷിനും എട്ടു വയസ്സുകാരനായ സഹോദരൻ ആൽജോയ്ക്കും പാമ്പുകടിയേറ്റത്. അമ്മയ്‌ക്കൊപ്പം ഹാളിൽ നിലത്ത് കിടന്നുറങ്ങുകയായിരുന്നു ഇരുവരും. പുലർച്ചെ രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടെങ്കിലും ഭക്ഷ്യവിഷബാധയാണെന്നാണ് കുടുംബം ആദ്യം കരുതിയത്. നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ മരണത്തിന് കീഴടങ്ങി. ഡോക്ടർമാർ പാമ്പുകടിയേറ്റതാണോ എന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.

