Saturday, May 18, 2024
spot_img

‘കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ല, നേതാക്കള്‍ തന്നെ കാണാതെ തിരുവനന്തപുരത്തുനിന്ന് പോയത് മാദ്ധ്യമങ്ങളെ ഭയന്നിട്ടാകാം ‘; ശശി തരൂർ

നാഗ്പൂർ : കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് ശശി തരൂര്‍. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് ലക്ഷ്യം. പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തകരെ കേള്‍ക്കാന്‍ ആരുമില്ല എന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നരുത്. നേതാക്കള്‍ തന്നെ കാണാതെ തിരുവനന്തപുരത്തുനിന്ന് പോയത് മാദ്ധ്യമങ്ങളെ ഭയന്നിട്ടാകാമെന്നും തരൂര്‍ പറഞ്ഞു.

മനസാക്ഷി വോട്ടുകളിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള തുറന്ന അവസരമാണിത്. സംസ്ഥാനങ്ങളിലെ വോട്ട് കണക്ക് വോട്ട് എണ്ണുമ്പോള്‍ അറിയാന്‍ കഴിയില്ല. അതുകൊണ്ട് ആരും ഭയക്കേണ്ടതില്ല. സ്വന്തം അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പാര്‍ട്ടി നിര്‍ദേശം ഇറക്കിയിട്ടുമുണ്ട്.

നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെപ്പോലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. നിലവിലുള്ള സംവിധാനം തുടരും. തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കനുസൃതമായി മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ”ഞങ്ങള്‍ ശത്രുക്കളല്ല, ഇത് യുദ്ധവുമല്ല. ഇത് പാര്‍ട്ടിയുടെ ഭാവിയിലേക്കുള്ള വോട്ടെടുപ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഖാര്‍ഗെ. അദ്ദേഹത്തെപ്പോലുള്ള നേതാക്കള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയില്ല, നിലവിലുള്ള സംവിധാനം തുടരും. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കനുസൃതമായി ഞാന്‍ മാറ്റം കൊണ്ടുവരും.”- ശശി തരൂര്‍ നാഗ്പൂരില്‍ പറഞ്ഞു.

Related Articles

Latest Articles