Sunday, October 25, 2026

പൊന്നിനെക്കാൾ വിലയേറിയ ആ ഒരു റൺ !! ജമ്മുകശ്മീരിനെ തളച്ച് കേരളം രഞ്ജി ട്രോഫി സെമിയിൽ

പുണെ: ഒരു റൺസ് ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചുവെങ്കിലും ഒന്നാമിന്നിങ്സിൽ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. സ്കോർ-ജമ്മു കശ്മീര്‍ – 280, 399/9 ഡിക്ല. കേരളം – 281, 295/6

സെമിയിൽ‌ ​ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് മത്സരം. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും മത്സരിക്കും. 2018-19 സീസണിലാണ് ഇതിന് മുൻപ് കേരളം രഞ്ജി സെമിയിലെത്തിയത്. അന്ന് സെമിയിൽ വിദർഭയോടാണ് പരാജയപ്പെട്ടത്.

ക്വാർട്ടറിൽ ജമ്മു കശ്മീർ ഉയർത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടർന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ ഇന്നലെ കളി അവസാനിപ്പിച്ച കേരളത്തിന്റെ ഇന്നത്തെ തുടക്കം മികച്ചതായിരുന്നില്ല. അക്ഷയ് ചന്ദ്രനും സച്ചിന്‍ ബേബിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടീം സ്‌കോര്‍ 128 ല്‍ നില്‍ക്കേ 48 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ നഷ്ടമായി. പിന്നാലെ സച്ചിന്‍ ബേബിയും(48)കൂടാരം കയറിയതോടെ കേരളം പ്രതിരോധത്തിലായി. ജലജ് സക്‌സേനയും(18) ആദിത്യ സര്‍വാതെയും (8) നിരാശപ്പെടുത്തി. കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാൽ സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും ക്രീസിൽ നിലയുറപ്പിച്ചതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീർ ബൗളർമാർ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും പുറത്താവാതെ നിന്നു. മത്സരം സമനിലയിലായതോടെ കേരളം സെമിയിൽ പ്രവേശിച്ചു.

Related Articles

Latest Articles