Sunday, December 21, 2025

നടിയെ ആക്രമിച്ച കേസിൽ: തുടരന്വേഷണത്തിന് സമയം തേടിയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ സമയം നീട്ടി നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. മെയ് 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിര്‍പ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാരിന് കോടതി നല്‍കിയിരുന്ന നിര്‍ദേശം. ഈ പശ്ചാത്തലത്തിലാണ് സാവകാശം തേടി പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ കുറ്റപത്രം ഉടന്‍ നല്‍കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. പുതിയ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു.

വിചാരണക്കോടതിയ്ക്ക് എതിരെ ഗുരുതരമായ ആക്ഷേപം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നുവെന്ന കണ്ടെത്തലില്‍ അന്വേഷണം വേണ്ടെന്ന് വച്ചത് കേട്ടുകേള്‍വി ഇല്ലാത്തതെന്നാന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്.

 

Related Articles

Latest Articles