Sunday, May 5, 2024
spot_img

‘നടി ആക്രമിക്കപ്പെട്ട കേസ് നാണം കെട്ട കേസ്, പറയാൻ കൊള്ളാത്ത പലതും ഉണ്ട്’, ദിലീപ് ഇതിലൊക്കെ എങ്ങനെ പെട്ടുവെന്നറിയില്ല’; സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുൻ വൈദ്യുത മന്ത്രി എംഎം മണി

 

ഇടുക്കി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുൻ വൈദ്യുത മന്ത്രി എംഎം മണി. അത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നും നടിയെ ആക്രമിച്ച കേസ് കുറേ നാളായി നിലനില്‍ക്കുന്ന നാണം കെട്ട കേസായിട്ടാണ് എനിക്ക് തോന്നുന്നതെന്നും ദിലീപ് നല്ല നടനായി ഉയർന്നു വന്നയാളാണ്. ഇതിലൊക്കെ എങ്ങനെ പെട്ടൂവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

കൂടാതെ ഈ കേസിൽ പുറത്തു പറയാൻ കൊള്ളാത്ത പല കാര്യങ്ങളും ഉണ്ടെന്നും എംഎം മണി പറഞ്ഞു. ‘ദിലീപ് ഒരു നല്ല നടനായി ഉയര്‍ന്നുവന്നയാളാണ്. ഇതിലൊക്കെ എങ്ങനെ പെട്ടുവെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കേസ് തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോടതിയാണ് വിചാരണ ചെയ്ത് ശിക്ഷ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ കേസെടുക്കാനും അന്വേഷണം നടത്താനും, കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് കോടതിയില്‍ ഹാജരക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്‌നം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ്.’- എംഎം മണി കൂട്ടിച്ചേർത്തു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപു വന്നത് സംശയകരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. അതിജീവിതയ്ക്കൊപ്പം അന്നു മുതൽ ഇന്നു വരെ നിൽക്കുന്നതാണ് ഇടതു സർക്കാർ എന്നും പ്രോസിക്യൂഷൻ അതിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ ഭരണപക്ഷത്തിന് എതിരായ ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കട്ടെയെന്നും കോടതി തന്നെ പരിശോധിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞതിനെ പിന്തുണച്ചാണ് വാർത്താ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാടു വ്യക്തമാക്കിയത്.

Related Articles

Latest Articles