Saturday, May 18, 2024
spot_img

‘അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെ, കൊലയിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോക്ഷം’; വർക്കലയിൽ വിവാഹദിവസം വധുവിന്റെ അച്ഛൻ കൊല്ലപ്പെട്ടതിൽ പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കുടുംബം

തിരുവനന്തപുരം: വർക്കലയിൽ വിവാഹദിവസം വധുവിന്റെ അച്ഛനെ വെട്ടിക്കൊന്ന പ്രതികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം. അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ആദ്യം വധുവിനെയാണ് ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. വധുവിനെയും വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും അക്രമികള്‍ ആക്രമിച്ചു. തുടർന്ന് അക്രമികളെ തടയാൻ ചെന്നപ്പോഴാണ് വധുവിന്‍റെ അച്ഛന്‍ രാജുവിന് അടിയേറ്റത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോക്ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധു പറയുന്നു.

ഇന്ന് വിവഹാം നടക്കാനിരുന്ന വീട്ടിൽ കയറിയായിരുന്നു അരുംകൊല. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേർ പോലീസ് പിടിയിലായി. പ്രണയത്തകർച്ചയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി ഭര്‍ത്താവ് പറഞ്ഞു.

വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിലെത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയാണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയെ ആക്രമിച്ചു. ശ്രീലക്ഷ്മിയുടെ അച്ഛന്‍ തടഞ്ഞതോടെയാണ് അക്രമികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

Related Articles

Latest Articles