Friday, May 17, 2024
spot_img

യോഗിയുടെ ഉണ്ട വാങ്ങാനുള്ള വീതി ഈ നെഞ്ചിനില്ലേ..മാനസാന്തരം വന്ന് തൊണ്ണൂറുകളിൽ ഉത്തർപ്രദേശിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരൻ !പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്തു

തൊണ്ണൂറുകളിൽ ഉത്തർപ്രദേശിനെ ഭീതിയുടെ നിഴലിലാഴ്ത്തിയിരുന്ന കൊള്ളക്കാരനായിരുന്നു നജ്ജു ഗുജ്ജാർ. 90-കളുടെ മധ്യത്തിലും അവസാനത്തിലും ഷാജഹാൻപൂർ, ഫറൂഖാബാദ്, ബദൗൺ എന്നിവിടങ്ങളിൽ ഡസൻ കണക്കിന് പോലീസുകാരെയും ഗ്രാമീണരെയുമാണ് നജ്ജു ഗുജ്ജാറിന്റെ കൊള്ള സംഘം കൊന്ന് തള്ളിയത്. ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. കാസ്ഗഞ്ചിലെ മരുധാർ എക്‌സ്പ്രസിലും നജ്ജു കവർച്ച നടത്തി, ഇതിനുപുറമെ 2 സൈനികരെയും കൊലപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം, കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1999-ൽ മൂന്ന് സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയും വെടിവെച്ചുകൊന്ന കേസിൽ ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ പിടികൂടുന്നതും ജയിലിലാക്കുന്നതും. അന്നുമുതൽ ബറേലി സെൻട്രൽ ജയിലിലായിരുന്നു നജ്ജു.

നീണ്ട 23 വർഷത്തെ തടവിന് ശേഷം ഇപ്പോൾ ജയിൽ മോചിതനായിരിക്കുകയാണ് ഇയാൾ. തന്റെ കുറ്റകൃത്യങ്ങൾ ഇയാൾ വീണ്ടും പുനരാരംഭിക്കുമെന്നും എതിരാളികളെ കൊന്നൊടുക്കുവാൻ ആരംഭിക്കുമെന്നും യുപി ജനത ഭയന്നിരിക്കെയാണ് നജ്ജു ഗുജ്ജാറിന്റെ ഞെട്ടിക്കുന്ന തീരുമാനം അവർ അറിയുന്നത്. യോഗി സർക്കാർ ഗംഭീരമായി നടപ്പാക്കി വരുന്ന ഗുണ്ടയ്ക്ക് ഒരു ഉണ്ട പദ്ധതിയെപ്പറ്റി ജയിൽ വച്ച് തന്നെ കേട്ടറിഞ്ഞ നജ്ജു, ഉണ്ട ഏറ്റുവാങ്ങാനുള്ള വീതി ഇന്ന് തന്റെ നെഞ്ചിനില്ലെന്ന് തിരിച്ചറിയുകയും വളരെപ്പെട്ടെന്ന് “മാനസാന്തരം” വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം നജ്ജു ഒരിക്കൽ കൂടി ഷാജഹാൻപൂരിലെത്തി. ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമായി ബ്രഹ്മദേവ് ക്ഷേത്രത്തിൽ 101 കിലോ തൂക്കമുള്ള മണി സമർപ്പിക്കാനായിരുന്നു ഈ വരവ്. നൂറുകണക്കിനാളുകളാണ് കൊള്ളക്കാരനായ നജ്ജുവിനെ കാണാൻ തടിച്ചുകൂടിയത്.

തിങ്കളാഴ്ച, ജില്ലയിലെ പരൂർ പ്രദേശത്തുള്ള ക്ഷേത്രത്തിൽ ബിജെപി എംഎൽഎയ്‌ക്കൊപ്പമാണ് നജ്ജു മണി സംഭാവന ചെയ്തത്. ചെയ്ത കുറ്റകൃത്യങ്ങളിൽ പശ്ചാത്തപിക്കുന്നു. യുവതലമുറ കുറ്റകൃത്യങ്ങളിൽ നിന്ന് മാറിനിൽക്കണം. സ്വന്തം ഭാവിക്കും കുടുംബത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും നജ്ജു പറഞ്ഞു.

‘കുറ്റകൃത്യങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കും. നജ്ജു എന്നോടൊപ്പം ക്ഷേത്രത്തിൽ എത്തി താൻ ചെയ്ത കുറ്റങ്ങൾക്ക് ക്ഷമാപണം നടത്തി. ഒരു സാധാരണ മനുഷ്യന്റെ ജീവിതം നയിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. നജ്ജു വളരെയധികം കഷ്ടപ്പെട്ടു, അദ്ദേഹം ചെയ്ത തെറ്റുകൾക്ക് 23 വർഷം ശിക്ഷ അനുഭവിച്ചു. ഞാൻ അദ്ദേഹത്തെ ഈ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്നു’ – എംഎൽഎ പറഞ്ഞു.

Related Articles

Latest Articles