തൃശ്ശൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്ന ദൗത്യത്തിനായി എത്തിക്കുന്നത് തൃശ്ശൂരിലെ കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ് യന്ത്രം. ഇതിന്റെ ഭാഗമായി അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകും. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ് നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ പോകുന്നത്. ബാർജ് യന്ത്രം എത്തിക്കുന്നതിന് മുമ്പ് സാങ്കേതിക വിദഗ്ദൻ സ്ഥലത്തെത്തി ഗംഗാവലിയിലെ നിലവിലെ സാഹചര്യത്തിൽ യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും കർണാടക ആവശ്യപ്പെട്ടിരുന്നു.
ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കൃഷി വകുപ്പ് വാങ്ങി നൽകിയ ഈ മെഷീൻ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് വിവരം തേടിയിരുന്നു.

