Thursday, October 8, 2026

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള ആയുധം ലഭിച്ചതെന്ന സംശയമായിരുന്നു ഉയര്‍ന്നത്. വിമാനത്തിലെ കട്ട്‌ലറിയില്‍ നിന്നുള്ള കത്തിയുപയോഗിച്ചാണ് ഒമാന്‍ പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കുത്തിയതെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ആക്രമണത്തിന് മുമ്പ് സഹപൈലറ്റ് കത്തിയോ മറ്റ് പുറത്തു നിന്നുള്ള ആയുധങ്ങളോ കോക്പിറ്റിലേക്ക് കടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് സി.ബി.എസ്. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിന്റെ കോക്ക്പിറ്റില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാറുള്ള ‘ക്രാഷ് ആക്‌സ്’ (Crash axe) അല്ലെങ്കില്‍ ഫയര്‍ ആക്‌സ് ഉപയോഗിച്ചാണ് ഇയാള്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിച്ചതെന്ന് സി.ബി.എസ്. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആക്രമണത്തിന് ക്രാഷ് ആക്‌സാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് എല്ലാ വാണിജ്യ വിമാനങ്ങളുടെയും നിര്‍മാണവേളയില്‍തന്നെ കോക്ക്പിറ്റില്‍ ക്രാഷ് ആക്‌സ് ഘടിപ്പിക്കാറുണ്ട്. ഇത് നിര്‍ബന്ധവുമാണ്. വിമാനാപകടങ്ങള്‍ക്കുശേഷം അടിയന്തര ആവശ്യങ്ങള്‍ക്കായി പതിറ്റാണ്ടുകളായി ഇത്തരം കോടാലികള്‍ വിമാനങ്ങളില്‍ സൂക്ഷിച്ചുപോരുന്നുണ്ട്. മുമ്പ് വിമാനങ്ങളുടെ പ്രധാന ക്യാബിനുകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെങ്കിലും, 25 വര്‍ഷം മുമ്പ് അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷമാണ് ഇവ കോക്ക്പിറ്റിലേക്ക് മാറ്റിയത്. നിലവില്‍ പൈലറ്റുമാര്‍ക്ക് എളുപ്പത്തില്‍ എടുക്കാന്‍ പാകത്തിലാണ് ഇവ കോക്ക്പിറ്റിനുള്ളില്‍ വെച്ചിരിക്കുന്നത്.

അതേസമയം, ആക്രമണം നടത്തിയ ഒമാനി കോ-പൈലറ്റിന്റെ പേരുവിവരങ്ങളോ ആക്രമണത്തിന് പിന്നിലെ ലക്ഷ്യമോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, ഇയാളെ അറസ്റ്റ് ചെയ്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Latest Articles