Saturday, May 18, 2024
spot_img

ഹിന്ദു സമൂഹത്തെ അപകീർത്തിപ്പെടുത്താനാണ് ഈ കേസ്; ഡമ്മി വാളുകളാണ് ഉപയോഗിച്ചത്,ഹാജരാക്കാൻ തയ്യാർ; സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിശ്വഹിന്ദുപരിഷത്തിന്റെ ദുർഗാവാഹിനിയുടെ പഥസഞ്ചലനത്തിനെതിരെ ആര്യങ്കോട് പോലീസ് സ്വമേധയാ കേസെടുത്ത സംഭവത്തിൽ വിമർശനവുമായി വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി. ദുർഗാവഹിനിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി വിഎച്ച്പി പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിജി തമ്പി അറിയിച്ചു

ഹിന്ദു സമൂഹത്തെ അപകീർത്തിപ്പെടുത്താനാണ് ഈ കേസ് എടുത്തതെന്നും ദുർഗവാഹിനി ഒരാളെപ്പോലും ഭീക്ഷണിപ്പെടുത്തിയിട്ടില്ലെന്നും ഹിന്ദു സമൂഹത്തെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഡമ്മി വാളുകളാണ് പദസഞ്ചലനത്തിന് ഉപയോഗിച്ചത്. ഇവ ഹാജരാക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെ കേസ് എടുക്കാൻ പോലീസ് തയ്യാറാവുന്നില്ലെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും കുറ്റപ്പെടുത്തി. .

അതേസമയം തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാറൂർ സരസ്വതീ വിദ്യാലയത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ ദുർഗ്ഗാവാഹിനി ശൗരി പ്രശിക്ഷൺ വർഗ്ഗ് നടന്നത്. 15 മുതൽ 23 വരെയായിരുന്നു പരിപടി. ഇതിന്റെ ഭാഗമായാണ് മെയ് 22-ന് പെൺകുട്ടികളുടെ പഥസഞ്ചലനം നടത്തിയത്. ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാൽ സോഷ്യൽ മീഡിയകളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെ കേസെടുത്തുവെന്നും അതുകൊണ്ടു തന്നെ ഈ പരിപാടിക്കെതിരെയും കേസെടുക്കണമെന്നുമായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെയും തീവ്ര ഇസ്ലാമിക സംഘടനകളുടെയും ആവശ്യം. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഫത്ഹുദ്ദീൻ റഷാദി ഉൾപ്പെടെയുളളവർ ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. എല്ലാവർഷവും ദുർഗ്ഗാ വാഹിനിയുടെ നേതൃത്വത്തിൽ ശിബിരം നടക്കുന്നുണ്ട്. പെൺകുട്ടികൾക്ക് ശാരീകമായും മാനസികമായും ആത്മവിശ്വാസവും കരുത്തും പകരാൻ ലക്ഷ്യമിട്ടാണ് പരിപാടി. ഇതിന്റെ ഭാഗമായി പതിവായി നടക്കുന്ന പഥസഞ്ചലനമാണ് ഇത്തവണ പോപ്പുലർ ഫ്രണ്ടും തീവ്ര ഇസ്ലാമിക സംഘടനകളും വിവാദമാക്കിയത്.

Related Articles

Latest Articles