Monday, April 29, 2024
spot_img

ശ്രീനിജിൻ എംഎൽഎയെ അപമാനിച്ചെന്ന കേസ് ! സാബു എം.ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!

കൊച്ചി : കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ തന്നെ ജാതീയവും വംശീയവുമായി അപമാനിക്കുന്ന രീതിയിൽ ട്വന്റി20 പാര്‍ട്ടി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് സംസാരിച്ചുവെന്ന കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്റെ പരാതിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള കേസില്‍ സാബു എം.ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ശ്രീനിജിൻ നൽകിയ പരാതിയിൽ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം അനുസരിച്ച് പുത്തൻകുരിശ് പോലീസാണ് സാബു എം.ജേക്കബിനെതിരെ കേസെടുത്തിരുന്നത്. മാർച്ച് 3 വരെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വർഗ പീഡനം തടയൽ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് അന്വേഷണവുമായി സഹകരിക്കാൻ കോടതി സാബു എം ജേക്കബിന് നിർദ്ദേശം നൽകി. എന്നാൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മാത്രമേ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂ എന്നും ചോദ്യം ചെയ്യലിന്‍റെ പേരിൽ പീഡനം പാടില്ലെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസെങ്കിലും പൊലീസ് നടപടിക്ക് മുൻപ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇരുവരും തമ്മിൽ‍ നേരത്തെ തന്നെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സാബു എം.ജേക്കബിനെ ഏതു വിധേനെയും അറസ്റ്റ് ചെയ്യിക്കാനാണ് ശ്രീനിജൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. ട്വന്റി20 പാർട്ടി ജനുവരി 21ന് കോലഞ്ചേരിയിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമ്മേളനം തടയാൻ ശ്രീനിജിൻ ശ്രമിച്ചെന്നും എന്നാല്‍ സമ്മേളനം നടത്താൻ ജനുവരി 19ന് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നുവെന്നും സാബു എം.ജേക്കബിന്റെ അഭിഭാഷകൻ പറഞ്ഞു. ഇതിന്റെ വിരോധം തീർക്കാനാണ് സാബു എം ജേക്കബിനെതിരെ പരാതി നല്‍കിയതെന്നും അഭിഭാഷകൻ വാദിച്ചു. എന്നാല്‍ ശ്രീനിജിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങള്‍ സാബു എം.ജേക്കബ് ചെയ്തിട്ടുണ്ടെന്നാണ് ശ്രീനിജനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയത്.

Related Articles

Latest Articles