കണ്ണൂർ: അത്താഴക്കുന്നിൽ പോലീസ് പട്രോളിങ്ങിനിടെ കണ്ണൂർ ടൗൺ എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ ക്ലബിൽ പൂട്ടിയിട്ട് മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സങ്കീർത്ത്, കാർത്തിക് എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പോലീസിനെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച്. നസീബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അത്താഴക്കുന്നിൽ ഏഴുപേർ അടങ്ങുന്ന സംഘം ആക്രമിച്ചത്. പട്രോളിങ്ങിനിടെ, അത്താഴക്കുന്നിലെ ക്ലബിൽ കുറച്ചുപേർ മദ്യപിക്കുന്നതു കണ്ട് പരിശോധിക്കാൻ കയറിയപ്പോഴാണ് ആക്രമണം നടന്നത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ
ചേർത്താണ് കേസെടുത്തിരിക്കുന്നത്.
സംഭവദിവസം തന്നെ പിടിയിലായ കുഞ്ഞിപ്പള്ളി ഓലാട്ടുചാൽ കൃഷ്ണപ്രിയ നിവാസിൽ അഭയ്(22), കോട്ടാളി ഗീതാലയത്തിൽ അഖിലേഷ്(26), വള്ളുവക്കണ്ടി അൻസീർ(21) എന്നിവരെ തിങ്കളാഴ്ച കോടതി റിമാൻഡ് ചെയ്തിരുന്നു.

