Saturday, May 18, 2024
spot_img

യുദ്ധത്തിന്റെ കാരണക്കാർ യുക്രൈയ്ൻ ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളും; ആരോപങ്ങളുമായി റഷ്യൻ പ്രസിഡന്റ് പുട്ടിൻ; റഷ്യ പ്രശ്നപരിഹാരത്തിന് സമാധാനമാർഗം സ്വീകരിക്കാൻ ശ്രമിച്ചെന്നും അവകാശവാദം

മോസ്കോ : ഒരുവർഷത്തോടടുക്കുന്ന റഷ്യ- യുക്രൈയ്ൻ യുദ്ധത്തിന്റെ യഥാർത്ഥ കാരണക്കാർ യുക്രൈയ്ൻ ഭരണകൂടവും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളുമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആരോപിച്ചു. ഇന്നലെ കീവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനു പിന്നാലെ ഇന്ന് ഫെഡറൽ അസംബ്ലി അംഗങ്ങളെയും സൈനിക നേതൃത്വത്തെയും മറ്റു വിശിഷ്ടാതിഥികളെയും അഭിസംബോധന ചെയ്തുള്ള വാർഷിക പ്രസംഗത്തിലാണ് പുട്ടിൻ ആരോപണങ്ങൾ ഉന്നയിച്ചത്.

പുട്ടിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ

‘‘ലോകവും നമ്മുടെ രാജ്യവും വളരെ മാറ്റങ്ങൾക്ക് സാക്ഷിയാകുന്ന സങ്കീർണകാലത്താണ് ഞാൻ സംസാരിക്കുന്നത്. രാജ്യത്തിന്റെ ഭാവി നിർണയിക്കുക ചരിത്ര സംഭവങ്ങളിൽനിന്നാണ്. നമുക്ക് എല്ലാവർക്കും അതിൽ വലിയ ഉത്തരവാദിത്തമുണ്ട്. നാത്‌സികളിൽനിന്ന് റഷ്യയ്ക്കുനേരെ ഭീഷണിയുണ്ട്. ഇവർക്കൊപ്പം കീവിലെ സർക്കാരിൽനിന്നു നിരന്തരം വെറുപ്പും ഭീഷണിയും ഉയരുന്നു. റഷ്യ സഹായത്തിനെത്താൻ യുക്രെയ്ൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ യുക്രെയ്ന്റെ സർക്കാർ ഇതെല്ലാം തള്ളിക്കളയും.

കിഴക്കൻ ഡോൺബാസ് മേഖലയിലെ സംഘർഷം സമാധാന മാർഗത്തിൽ അവസാനിപ്പിക്കാൻ റഷ്യ ശ്രമിച്ചിരുന്നു. പാശ്ചാത്യ ലോകത്തിന്റെ സമാധാനം വെറും ‘പൊള്ള’യും ‘ക്രൂരമായ നുണയും’ ആയിരുന്നു. കീവ് ജൈവ, ആണവ ആയുധങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലുമായിരുന്നു. ഈ പ്രശ്നം സമാധാനമായി പരിഹരിക്കാൻ ​നമ്മൾ ശ്രമിച്ചു. എന്നാൽ നമ്മുടെ പിന്നിലൂടെ വേറൊരു സാഹചര്യമാണ് സജ്ജമായിക്കൊണ്ടിരുന്നത് – പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ചയിലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പാശ്ചാത്യ ലോകത്തിന്റെ ചെയ്തികളെ മറയ്ക്കാൻ റഷ്യയ്ക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നു. ‘കുപ്പിയിൽനിന്നു ഭൂതത്തെ തുറന്നുവിട്ടത്’’ പാശ്ചാത്യലോകമാണ്. അങ്ങനെ ലോകത്തെ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാക്കി. മനുഷ്യരുടെ ത്യാഗത്തെയും ദുരന്തങ്ങളെയും അവർ കണക്കിലെടുത്തില്ല. എല്ലാവരിൽനിന്നും കൊള്ളയടിച്ച് അവർ മുന്നോട്ടുപോകുന്നു. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മുദ്രാവാക്യം മുഴക്കി അവർ കാപട്യം നടത്തുന്നു.

19ാം നൂറ്റാണ്ടുമുതൽ റഷ്യയുടെ കൈവശമിരുന്ന സ്ഥലങ്ങളെ പാശ്ചാത്യ ലോകം വിടുവിപ്പിക്കാൻ ശ്രമിക്കുന്നു. അതാണ് ഇപ്പോൾ യുക്രെയ്ൻ എന്ന് അറിയപ്പെടുന്നത്. എല്ലാം ആവർത്തിക്കുകയാണ്. 2014ലെ യുക്രെയ്നിലെ വിപ്ലവം പാശ്ചാത്യ ലോകം ആസൂത്രണം ചെയ്തതാണ്. അന്ന് റഷ്യൻ അനുകൂല സർക്കാരിനെ അട്ടിമറിച്ചു. പ്രാദേശികമായി നടക്കുന്ന സംഘർഷത്തെ പാശ്ചാത്യ ലോകത്തിന് ആഗോള സംഘർഷമാക്കി മാറ്റണം’’ അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles