Sunday, May 19, 2024
spot_img

ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് !ബില്ലിന്റെ സാധ്യത പരിശോധിക്കാൻ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ദില്ലി : ഈ മാസം 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ലിനെക്കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ സമിതി രൂപവൽക്കരിച്ചു. എട്ടംഗ സമിതിയുടെ അദ്ധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ കോൺഗ്രസ് കക്ഷി നേതാവും പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനുമായ അധീർ രഞ്ജന്‍ ചൗധരി, മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആയിരുന്ന എന്‍.കെ സിങ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുബാഷ് കശ്യപ്, സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ .
കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സമിതിയുടെ യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്ര നിയമ സെക്രട്ടറി നിതേന്‍ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി.

സമിതിയുടെ ഉദ്ദേശ്യങ്ങൾ

  1. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും (മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍) ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച പരിശോധന.
  2. ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണോ എന്നതിലുളള പരിശോധന.
  3. തൂക്ക് സഭ, കാലാവധി പൂര്‍ത്തിയാകാതെ അവിശ്വാസ പ്രമേയത്തത്തിലൂടെ സഭ പിരിച്ചുവിടൽ എന്നീ സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്നതിനേക്കുറിച്ചുള്ള പരിശോധന.
  4. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രൂപരേഖയും സമയക്രമവും തയ്യാറാക്കല്‍. എത്ര ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണം എന്നതിനേക്കുറിച്ചുള്ള ശുപാര്‍ശ തയ്യാറാക്കൽ.
  5. മുടക്കമുണ്ടാകാതെ തുടര്‍ച്ചയായി ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശ തയ്യാറാക്കല്‍.
  6. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നിന് ആവശ്യമായ ഇ.വി.എം, വി.വി പാറ്റ് തുടങ്ങി സാങ്കേതിക-മാനുഷിക വിഭവങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളേക്കുറിച്ചുള്ള പരിശോധന.
  7. ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിന് ഒറ്റ വോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിനുള്ള സാധ്യതയേക്കുറിച്ചുള്ള പരിശോധന.

Related Articles

Latest Articles