Friday, May 17, 2024
spot_img

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലത്തിന്റേതാണ് ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. എക്‌സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു. രജിസ്ട്രാര്‍ ഒഫ് കമ്പനീസ് ബംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞുമാറുന്നതുമായ മറുപടികളാണ് സിഎംആര്‍എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഒഫ് കമ്പനീസിന് നല്‍കിയത്. മറുപടി നല്‍കാന്‍ പോലും കെഎസ്ഐഡിസി തയാറായില്ല. മൂന്ന് സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഒഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ കെഎം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍ഒസി, എ ഗോകുല്‍ നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

Related Articles

Latest Articles