Friday, May 17, 2024
spot_img

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ തലപ്പത്ത് ആർ.മാധവൻ ! കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് താരം; നിയമനം ശേഖർ കപൂറിന്റെ പിൻഗാമിയായി

ദില്ലി : പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും പ്രമുഖ നടനും സംവിധായകനുമായ ആർ.മാധവനെ കേന്ദ്രസർക്കാർ നിയമിച്ചു. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിന്റെ പിൻഗാമിയായിട്ടാണ് ആർ.മാധവൻ തൽസ്ഥാനത്ത് എത്തുന്നത് . കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ്നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

‘‘എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. താങ്കൾക്ക് എന്റെ ആശംസകൾ.’’– അനുരാഗ് ഠാക്കൂർ കുറിച്ചു.

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ താൻ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ പോസ്റ്റിനു മറുപടിയായി താരം പറഞ്ഞു. ‘‘ ഈ ആദരവിനും ആശംസകൾക്കും വളരെ നന്ദി ഠാക്കൂർജി. എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.’’– മാധവൻ മറുപടി കുറിച്ചു.
മാധവന്റെ കന്നി സംവിധാന സംരംഭമായിരുന്നു ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രം ഇക്കൊല്ലത്തെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു.

Related Articles

Latest Articles