Friday, May 10, 2024
spot_img

ചൈനീസ് ബന്ധത്തെ സംശയിക്കുന്നു എന്ന് കേന്ദ്ര സർക്കാർ ; വിവരങ്ങൾ ചോർന്നതിലെ അന്വേഷണം അട്ടിമറിക്കാൻ പ്രതിപക്ഷത്തിന്റെ ശ്രമം

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ വിവാദത്തിൽ ചൈനീസ് കമ്പനികളുടെ ഇടപെടൽ സംശയിച്ച് കേന്ദ്ര സർക്കാർ. ആരോപണം അദാനിക്കെതിരെ രാഹുൽ ഗാന്ധി അടക്കം ഉന്നയിച്ചതോടെയാണ് ചൈനീസ് ബന്ധം കേന്ദ്രസർക്കാർ സംശയിക്കുന്നത്. ഇന്ത്യയിലെ ആപ്പിൾ ഫോൺ നിർമ്മാണം അട്ടിമറിക്കാനാണ് ഫോൺ ചോർത്തൽ നടപടിക്ക് പിന്നിലെന്നാണ് കേന്ദ്രം സർക്കാർ സൂചിപ്പിക്കുന്നു. സുരക്ഷാ സന്ദേശങ്ങൾ സംബന്ധിച്ച് ആപ്പിൾ കമ്പനിയോട് വിശദീകരണം തേടി. അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഫോൺ ചോർത്തുന്നതായുള്ള സന്ദേശം ലഭിച്ചെന്ന് ഇന്നലെയാണ് മഹുവ മൊയ്ത്ര, ശശി തരൂർ, അഖിലേഷ് യാദവ്, പവൻ ഖേര തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പറഞ്ഞത്. ആപ്പിളിൽ നിന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചെന്നാണ് നേതാക്കൾ പറഞ്ഞത്. സർക്കാർ സ്‌പോൺസേർഡ് ടാപ്പിംഗാണെന്നും സർക്കാരിന്റെ ഭയം കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്നും മഹുവ മൊയ്ത്ര പ്രതികരിച്ചു. പെഗസ്സസ് അടക്കമുള്ള ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. അതിന്റെ തുടർച്ചയാണോ ഇതെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്.

ആപ്പിൾ ഫോണുകൾ സുരക്ഷിതമാണെന്ന് കമ്പനി തന്നെ അവകാശപ്പെട്ടതാണെന്നും പിന്നെ എന്തുകൊണ്ട് മുന്നറിയിപ്പ് വന്നുവെന്ന് കമ്പനി വിശദീകരിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ആപ്പിൾ കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ല എന്നാണ് സർക്കാർ നിലപാട്. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പിൾ കമ്പനിക്ക് നോട്ടീസും നൽകിയിട്ടുണ്ട്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സന്ദേശം പോയിട്ടുണ്ടെന്ന് കേന്ദ്രം വിലയിരുത്തി. 150ഓളം രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഈ സന്ദേശം പോയിട്ടുണ്ടെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. ഇന്ത്യയിൽ ആപ്പിൾ കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇടത് തടയാൻ ചൈനീസ് കമ്പനികളുടെ ഇടപെടലുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചത്.

ചോർത്തൽ ഭീഷണി സന്ദേശങ്ങൾ ചിലപ്പോൾ തെറ്റായ മുന്നറിയിപ്പുകളാകാമെന്നും അല്ലെങ്കിൽ ചിലപ്പോൾ കണ്ടെത്താൻ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള ആക്രമണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് വിവരം നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.150 രാജ്യങ്ങളിൽ ഇത്തരം മുന്നറിയിപ്പ് പോയെന്നും പ്രതിപക്ഷത്തിന്റേത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണം. ആപ്പിളിനോടും സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

Related Articles

Latest Articles