Tuesday, November 3, 2026

ജനങ്ങൾ ആഗ്രഹിച്ച മാറ്റം നിയമസഭയിലും പ്രതിഫലിക്കണം; ബിജെപി അംഗങ്ങളുടെ പൂർണ്ണ സഹകരണം ഉറപ്പുനൽകി രാജീവ് ചന്ദ്രശേഖറും ബി.ബി ഗോപകുമാറും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ആഗ്രഹിച്ച മാറ്റം സഭയ്ക്കുള്ളിലും പ്രകടമാകണമെന്നും ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാൻ അംഗങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പുതിയ സ്പീക്കറായി ചുമതലയേറ്റ തിരുവഞ്ചൂർ രാധാകൃഷ്ണനെ അനുമോദിച്ചുകൊണ്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിന്റെ കേന്ദ്രബിന്ദുവാണ് നിയമസഭയെന്നും, അവിടെ ശരിയായ ജനാധിപത്യ പ്രവർത്തനം ഉറപ്പാക്കാനുള്ള ഗൗരവമേറിയ ഉത്തരവാദിത്തം സ്പീക്കർക്കാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനങ്ങളിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്ന പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ ബിജെപി എംഎൽഎമാരെ അനുവദിക്കണമെന്നും പുതിയ അംഗങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വികസനവും മികച്ച ഭാവിയും ലക്ഷ്യമിട്ടാണ് ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തത്. നിയമസഭയ്ക്ക് ഒരുമിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ടെന്നും, ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ വികസിത കേരളം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എൻഡിഎ സഖ്യത്തിന്റെയും അവരെ പിന്തുണച്ച 30 ലക്ഷം വോട്ടർമാരുടെയും അഭിനന്ദനങ്ങൾ അദ്ദേഹം സ്പീക്കറെ അറിയിക്കുകയും സഭയിൽ ബിജെപി അംഗങ്ങളുടെ പൂർണ്ണ സഹകരണം ഉറപ്പുനൽകുകയും ചെയ്തു.

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്’: സ്പീക്കറുടെ മുൻ പ്രസംഗം ഓർമ്മിപ്പിച്ച് ബി.ബി.ഗോപകുമാർ
തുടർന്ന് സംസാരിച്ച ചാത്തന്നൂർ എംഎൽഎ ബി.ബി.ഗോപകുമാർ, മുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആയിരുന്നപ്പോൾ സഭയിൽ പറഞ്ഞ വാക്കുകൾ ഓർമ്മിപ്പിച്ചു. ചട്ടം പാലിച്ചല്ല വിഷയം ഉന്നയിക്കുന്നത് എന്ന് സ്പീക്കർ പറഞ്ഞപ്പോൾ, “സഭാ രേഖകളിൽ കാണാൻ വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി പറയുകയാണെന്ന” തിരുവഞ്ചൂരിന്റെ പഴയ മറുപടി തന്നെയാണ് ബിജെപി അംഗങ്ങൾക്കും ഇപ്പോൾ പറയാനുള്ളതെന്ന് ഗോപകുമാർ വ്യക്തമാക്കി. നിയമസഭയിൽ ബിജെപിക്ക് മൂന്ന് അംഗങ്ങൾ മാത്രമേ ഉള്ളൂ എന്ന് കാണാതെ, അവർ ഉന്നയിക്കുന്ന വിഷയങ്ങളുടെ പ്രസക്തി ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി പ്രതിനിധി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഗോപകുമാർ ചൂണ്ടിക്കാട്ടി. ചാത്തന്നൂരിനെ പ്രതിനിധീകരിച്ച് ആദ്യമായി സഭയിലെത്തിയ തനിക്ക് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനും സ്പീക്കറെ അഭിനന്ദിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻപ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ മാത്രമല്ല, ഗൂഢാലോചനക്കാരെയും പുറത്തുകൊണ്ടുവന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. സഭയിലെ 140 അംഗങ്ങളെ 137 എന്നും 3 എന്നും വേർതിരിച്ചു കാണാതെ, ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാൻ ബിജെപിയുടെ മൂന്ന് അംഗങ്ങൾക്കും തുല്യ അവസരം നൽകണമെന്നും ഗോപകുമാർ അഭ്യർത്ഥിച്ചു.

Related Articles

Latest Articles