Tuesday, October 20, 2026

ബാർ അസോസിയേഷൻ പ്രസിഡന്റിനും മേലയാടോ സുപ്രീം കോടതി ജഡ്ജി !!
ശബ്ദമുയർത്തി ഹർജി പരിഗണിക്കാൻ ആവശ്യപ്പെട്ട അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

ദില്ലി : കോടതിമുറിയിൽ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് കിട്ടിയ 1.33 ഏക്കർ വിസ്തൃതിയുള്ള ഭൂമി, അഭിഭാഷകരുടെ ചേംബർ പണിയുന്നതിന് നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് ശബ്ദമുയർത്തി ആവശ്യപ്പെട്ടതോടെയാണ് അപൂർവ്വ സംഭവവികാസങ്ങൾക്ക് കോടതി മുറി സാക്ഷ്യം വഹിച്ചത്.

ജഡ്ജി ആയിരുന്ന 22 വർഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും അവശേഷിക്കുന്ന രണ്ട് വർഷവും ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.

‘‘ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാൻ. എന്നെ പേടിപ്പിച്ച് ഇരുത്താൻ നോക്കേണ്ട. ഭീഷണിക്ക് ഞാൻ വഴങ്ങില്ല. ഹർജി 17ന് പരിഗണിക്കും . എന്നാൽ 17 ലെ ആദ്യത്തെ കേസായി പരിഗണിക്കാൻ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതിമുറിക്കുള്ളിൽ വേണ്ട. നടപടിക്രമങ്ങൾ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയിൽ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടത് എന്ന് എനിക്കറിയാം ’’– ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

അഭിഭാഷകന്റെ പ്രവർത്തിയിൽ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർ പിന്നീട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനോട് ഖേദ പ്രകടനം നടത്തി.

Related Articles

Latest Articles