ന്യൂഡൽഹി: ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക ചരിത്രത്തിലെ സുവർണ്ണ അധ്യായമായ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ വാർഷിക സ്മരണയിൽ രാജ്യം ഇന്ന് ദേശീയ സാങ്കേതിക ദിനം ആഘോഷിക്കുന്നു. 1998 മെയ് 11-ന് രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ ‘ഓപ്പറേഷൻ ശക്തി’ എന്ന പേരിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ഭാരതം ലോകത്തിലെ ആറാമത്തെ ആണവ ശക്തിയായി മാറിയതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.
1998-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി നടത്തിയ പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളുടെ ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച്, തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഭാരതം നേടിയെടുത്ത ഈ വിജയം രാജ്യത്തിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി. ഡോ. എ.പി.ജെ. അബ്ദുൾ കലാം, ഡോ. ആർ. ചിദംബരം തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.
ആണവ കരുത്തിൽ നിന്ന് തുടങ്ങിയ ഭാരതത്തിന്റെ പ്രയാണം ഇന്ന് ബഹിരാകാശ ഗവേഷണം, പ്രതിരോധം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ തന്നെ ഒന്നാമതെത്തി നിൽക്കുന്നു. ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കിയും, ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യുപിഐ സംവിധാനത്തിലൂടെയും ഭാരതം തങ്ങളുടെ സാങ്കേതിക മികവ് തെളിയിച്ചു കഴിഞ്ഞു. നിർമ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ ലോകത്തെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം ഇപ്പോൾ.

