Tuesday, December 23, 2025

പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവജനങ്ങളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ബോധപൂർവ ശ്രമം; കേരളത്തിൽ ഭീകരവാദ സംഘടനകൾ വേരുറപ്പിക്കുന്നുവെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് സിപിഎം ചൂണ്ടിക്കാട്ടിയത്. ഇതോടെ കേരളത്തിൽ ഭീകരവാദ സംഘടനകൾ വേരുറപ്പിക്കുന്നുവെന്ന് പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ് സിപിഎം. പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി സിപിഎം നല്‍കിയ കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നുവെന്നും, ക്രൈസ്തവരില്‍ ചെറിയൊരുവിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണമെന്നും, ക്ഷേത്രവിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളില്‍ ഇടപെടണമെന്നുമാണ് സിപിഎമ്മിന്റെ വാദം.

മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ–തീവ്രവാദ രാഷ്‌ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്‌ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. ബിജെപി ഓരോ പ്രദേശത്തും എങ്ങനെയാണ് വേരുറപ്പിച്ചിട്ടുള്ളതെന്നും അവർ പ്രവർത്തനങ്ങളെ എങ്ങനെ വ്യാപിപ്പിക്കുന്നുവെന്നതും പരിശോധിച്ചുകൊണ്ട് ആവശ്യമായ ഇടപെടൽ നടത്താൻ നമുക്ക് കഴിയണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം അക്രമണോത്സുകമായ പ്രവർത്തനങ്ങളിലൂടെ എസ്ഡിപിഐ, മുസ്ലീം സമുദായത്തിലെ പ്രത്യേകിച്ചും ചെറുപ്പക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കാനാവണമെന്നും സിപിഎം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Related Articles

Latest Articles