Monday, May 6, 2024
spot_img

അഫ്ഗാൻ അഭയാർത്ഥികളെ താലിബാൻ ഭീകരർക്ക് പിടിച്ചുനൽകി പാകിസ്ഥാന്റെ കൊടുംക്രൂരത; വെള്ളവും, ഭക്ഷണവും ലഭിക്കാതെ ഇമ്രാന്റെ നയാ പാകിസ്ഥാനിൽ അഭയാർത്ഥികൾ കൊടുംപീഡനങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെ ലക്ഷക്കണക്കിന് ആളുകളാണ് അഫ്ഗാനിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് ജീവൻ രക്ഷിക്കാനായി പലായനം ചെയ്തത്. ഇങ്ങനെ നിരവധി പേരാണ് ഇപ്പോൾ പല രാജ്യങ്ങളിലായി കഴിയുന്നത്. ഇപ്പോഴിതാ ഒരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. താലിബാൻ ആക്രമണത്തിൽ ഭയന്ന് പലായനം ചെയ്ത അഭയാർത്ഥികളെ ഭീകരർക്ക് തന്നെ പാകിസ്ഥാൻ വിട്ടുനല്കുന്നതായാണ് റിപ്പോർട്ട്. അഫ്ഗാൻ പടിക്കാൻ ആളും അർത്ഥവും കൊടുത്ത പാകിസ്ഥാൻ താലിബാന്റെ അഭയാർത്ഥി വിരുദ്ധ നയങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ദരിദ്രമേഖലകളിൽ നിന്നും നഗരപ്രദേശങ്ങളിൽ നിന്നും താലിബാൻ ഇറക്കിവിട്ടവരാണ് ഭൂരിഭാഗം പേരും . കൂട്ടക്കൊല ഭയന്നാണ് ആഗസ്റ്റ് മാസം തുടക്കത്തിൽ അഭയാർത്ഥി പ്രവാഹം ഉണ്ടായത്.

എന്നാൽ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശം നിലനിൽക്കെ പാകിസ്ഥാൻ അതിർത്തി പലതവണ അടയ്‌ക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു.താലിബാനോട് കൂറില്ലാത്ത അഫ്ഗാൻ പൗരന്മാരോട് യാതൊരു ദയാദാക്ഷിണ്യ വുമില്ലാതെയാണ് പാക് സൈനികർ പെരുമാറുന്നത്. പലരും വെള്ളം പോലും കിട്ടാതെ വലയുകയാണ്. കൊടുംചൂടിലും തണുപ്പിലും താൽക്കാലിക കൂടാരം കെട്ടി താമസിക്കുന്നതായാണ് അന്താരാഷ്‌ട്ര ഏജൻസികൾ പറയുന്നത്. അതേസമയം അഭയാർത്ഥികൾക്കായി പ്രത്യേകം ക്യാമ്പുകളോ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷേഖ് റഷീദ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സ്പിൻ ബോൾദാകിലും ചമനിലും അതിർത്തി കടന്നെത്തിയ 200 പേരടങ്ങുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘത്തെ പാക് സൈന്യം തിരികെ താലിബാന് കൈമാറിയ ക്രൂരതയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അതേ സമയം രണ്ടു രാജ്യത്തും കയറ്റാത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇതിനിടെ മൂന്നുലക്ഷത്തിലധികം അഫ്ഗാനികൾ പാകിസ്ഥാന്റെ അതിർത്തിപ്രദേശങ്ങളിൽ കാലങ്ങളായി ജീവിക്കുന്നതായാണ് കണക്ക്. പ്രദേശത്തെ അവരുടെ സുരക്ഷയിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാനാകില്ലെന്നാണ് പാകിസ്ഥാൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാൻ നടത്തുന്നത്. തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ജനങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് താലിബാന്റെ രീതി. പ്രവിശ്യകൾ പിടിച്ചെടുത്തിരിക്കുന്ന നേതാക്കന്മാരുടെ സ്വഭാവം പോലെയാണ് നടപടികൾ നീങ്ങുന്നതെന്നാണ് വിവരം. അതിനാൽ തന്നെ പാക് അതിർത്തിയിലേക്ക് പലായനം ചെയ്തവരോട് ഒരോ ദിവസവും ഒരോ നയമാണ്. താലിബാൻ ആക്രമണം തുടങ്ങിയ ശേഷം നാലു ലക്ഷം അഫ്ഗാനികളാണ് വീട് വിട്ട് പലായനം ചെയ്തത്. ഇതുകൂടാതെ 20 ലക്ഷത്തോളം ജനത സ്വന്തം രാജ്യത്ത് പലയിടത്തായി അലയുകയാണെന്നും ഐക്യരാഷ്‌ട്രസഭ താലിബാന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഇതിനിടയിലാണ് പാകിസ്ഥാൻ ഈ ജനതയോട് കാണിക്കുന്ന കൊടും ക്രൂരതയും പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles