Saturday, September 19, 2026

കോവിഡ് കുറഞ്ഞെന്ന് ന്യായികരണം: വീണ്ടും സംസ്ഥാന സമ്മേളനങ്ങൾ നടത്താൻ കച്ചകെട്ടി സിപിഎം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ നേരിയ അയവ് വന്നതോടെ വീണ്ടും കച്ചമുറുക്കാനൊരുങ്ങി സിപിഎം. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനങ്ങൾ നടത്താനാണ് പുതിയ തീരുമാനം.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യമാണ് എന്ന വാദത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായത്. അതേസമയം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

നേരത്തെ ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് കാസര്‍കോട് ജില്ലാ സമ്മേളനം നടത്താനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നാലെ ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. ഇതോടെയാണ് സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം സിപിഎം നേതൃത്വത്തിന് തീരുമാനിക്കേണ്ടി വന്നത്.

എന്നാൽ വീണ്ടും പ്രതിദിന കേസുകളില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ വീണ്ടും ഇറങ്ങാനുള്ള പുറപ്പാടിലാണ് സിപിഎം. ആലപ്പുഴ ജില്ലാ സമ്മേളനം മാത്രമാണ് ഇനി നടക്കാനുള്ളത്. ഈ മാസം 15,16 തീയ്യതികളില്‍ കണിച്ചുകുളങ്ങരയില്‍ വച്ചാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 17 മുതല്‍ സിപിഎം നേതൃയോഗങ്ങള്‍ ചേരും. കോവിഡിൽ ചെറിയ തോതിൽ കുറവ് വന്നതോടെ കൊടിയെടുത്ത് ആളെക്കൂട്ടാൻ ഇറങ്ങുന്ന സിപിമ്മിന് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

Related Articles

Latest Articles