Friday, January 9, 2026

തിരുവല്ലത്തെ യുവതിയുടെ മരണം! കേസിൽ പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ! നടപടി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോർട്ട്

തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ഷാജി(23) ജീവനൊടുക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് തിരുവല്ലം സി.ഐ.യുടെ റിപ്പോര്‍ട്ട്. കടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് തിരുവല്ലം സിഐ. റിപ്പോര്‍ട്ട് നല്‍കിയത്.

ഡിസംബര്‍ 28-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭര്‍തൃവീട്ടുകാരുടെ മാനസികപീഡനവും ഉപദ്രവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോപണം . യുവതിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവില്‍പോയി. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് ഇവരുടെ ബന്ധുകൂടിയായ കടയ്ക്കല്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വിവരങ്ങൾ പ്രതികള്‍ക്ക് ചോര്‍ത്തിനല്‍കിയതായി കണ്ടെത്തിയത്.

പോലീസ് ഇവരെ പിന്തുടരുന്നതിന്റെ കൃത്യമായ വിവരങ്ങളാണ് കടയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പ്രതികള്‍ക്ക് ചോര്‍ത്തിനല്‍കിയന്നാണ് സിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഒളിവില്‍പോയ നൗഫലിന്റെയും ഭര്‍തൃമാതാവിന്റെയും മൊബൈല്‍ഫോണുകളും ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തുവെങ്കിലും ഇതുവരെയും ഇവരെ പിടികൂടാനായിട്ടില്ല.

Related Articles

Latest Articles